ഗവർണർ വി.സിമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും
|ഗവർണർ രാജി ആവശ്യപ്പെട്ടിട്ടും പല സർവകലാശാല വി.സിമാരും അത് ചെവികൊണ്ടിരുന്നില്ല. എന്തുകൊണ്ട് രാജിവച്ചില്ല എന്നതിന്റെ കാരണം വ്യക്തമാക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാല വി.സിമാർക്ക് ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നേരിട്ട് മറുപടി നൽകാനുള്ള കാലാവധി ഇന്ന് അവസാനിക്കും. ആറ് വി.സിമാരാണ് ഇതുവരെ ഗവർണർക്ക് വിശദീകരണം നൽകിയത്. ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവർണർ മറുപടികൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
ഗവർണർ രാജി ആവശ്യപ്പെട്ടിട്ടും പല സർവകലാശാല വി.സിമാരും അത് ചെവികൊണ്ടിരുന്നില്ല. എന്തുകൊണ്ട് രാജിവച്ചില്ല എന്നതിന്റെ കാരണം വ്യക്തമാക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. രേഖാമൂലം വിശദീകരണം നൽകാനുള്ള സമയപരിധി നവംബർ മൂന്നിന് അവസാനിച്ചിരുന്നു. എന്നാൽ നേരിട്ട് എത്തി വിശദീകരണം നൽകാനുള്ള സമയപരിധി ഏഴാം തീയതിയിലേക്ക് ഗവർണർ നീട്ടിനൽകി.. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടി സമയപരിധി അവസാനിക്കും.
കേരള, എം.ജി, ഫിഷറീസ്, മലയാളം, ഡിജിറ്റൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസിമാരാണ് നിലവിൽ മറുപടി നൽകിയിട്ടുള്ളത്. നിയമനം ചട്ടപ്രകാരമാണെന്നും യോഗ്യതയുണ്ടെന്നുമാണ് വി. സിമാരുടെ മറുപടി. ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷമാകും കൂടുതൽ നടപടക്രമങ്ങളിലേക്ക് ഗവർണർ കടക്കുക. മറുപടി വിശദമായി പരിശോധിച്ച് നിയമോപദേശം കൂടി പരിഗണിച്ച ശേഷമാകും തീരുമാനമെടുക്കുക. വിശദീകരണം നൽകാത്ത വൈസ് ചാൻസലർമാർക്കേതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ ഗവർണർ പോര് മൂർധന്യത്തിൽ എത്തിനിൽക്കുമ്പോൾ, വി.സി മാരുടെ വിഷയത്തിലെ ഗവർണറുടെ നിലപാട് നിർണായകമാകും.