സ്ഥലംമാറ്റം കിട്ടിയ ഉദ്യോഗസ്ഥർ ഓഫിസിൽ തന്നെ; തിരൂർ ജോയിന്റ് ആർ.ടി.ഒയിൽ മന്ത്രിയുടെ ഉത്തരവിന് പുല്ലുവില
|നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും ആറ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു
മലപ്പുറം: തിരൂർ ജോയിന്റ് ആർ.ടി ഓഫിസിൽ നികുതി വെട്ടിപ്പിനെ തുടർന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ നടത്തിയ സ്ഥലംമാറ്റം നടപ്പായില്ല. ട്രാൻസ്ഫർ ലഭിച്ച ഉദ്യോഗസ്ഥർ ഇതുവരെയും മാറിയില്ല. ഉത്തരവ് വന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോഴും തിരൂരിലെ ഓഫിസിൽ തന്നെ തുടരുകയാണ്. നടപടിയുടെ ഭാഗമായി നാലു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും ആറ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ലഭിച്ചിരുന്നു.
സോഫ്റ്റ്വെയർ ഡാറ്റ പരിശോധനയിൽ വ്യാപകമായ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി ആറിന് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്ത് വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റി മന്ത്രി ഉത്തരവിറക്കിയിരുന്നു. ഇതിനുശേഷം ഒരു മാസത്തിലേറെയായിട്ടും ഒരു സീനിയർ ക്ലർക്കും ഒരു ടൈപ്പിസ്റ്റും ഒഴികെ ബാക്കി മുഴുവൻ ഉദ്യോഗസ്ഥരും ഇപ്പോഴും തിരൂരിൽ തന്നെ തുടരുകയാണ്. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ഇറങ്ങിയപ്പോൾ പകരക്കാരെ നിയമിച്ചിരുന്നില്ല. ഈ കാരണത്താലാണ് ഉദ്യോഗസ്ഥർ തിരൂരിൽ തന്നെ തുടരുന്നത്.
ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ക്രമക്കേടിന്റെ ഭാഗമായവരെ സസ്‌പെൻഡ് ചെയ്തിട്ടും ഇതിന്റെ പേരിൽ നിരപരാധികളായ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ വ്യാപകമായി സ്ഥലംമാറ്റുന്ന നടപടിയാണ് ഉണ്ടായതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Summary: Following tax evasion in Tirur Joint RT Office, the transfer of Minister KB Ganesh Kumar did not take place. The transferred officers are still working in the office