'ധൈര്യമുണ്ടെങ്കിൽ വായോ, പറയുന്ന സ്ഥലത്തുവരാം': ചാണകവെള്ളം ഒഴിക്കാൻ ബി.ജെ.പിയെ വെല്ലുവിളിച്ച് ടി.എൻ പ്രതാപൻ
|ടി.എൻ. പ്രതാപന്റെ ദേഹത്തു ചാണകവെള്ളം ഒഴിക്കുമെന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതാപന്റെ വെല്ലുവിളി.
തൃശൂർ: ചാണകവെള്ളം ഒഴിക്കാൻ ബി.ജെ.പിയെ വെല്ലുവിളിച്ച് ടി.എൻ.പ്രതാപൻ എംപി. ബി.ജെ.പിയെ വെല്ലിവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ വായോ. കടലിന്റെ തിരമാലകളെ ഭയപ്പെടാത്തയാളാണ് ഞാൻ. എന്നിട്ട് വേണ്ടെ ബിജെപിയുടെ ആളുകൾ ചാണകവെള്ളം തളിക്കാൻ വേണ്ടിവരുന്നത്-ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
ടി.എൻ. പ്രതാപന്റെ ദേഹത്തു ചാണകവെള്ളം ഒഴിക്കുമെന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതാപന്റെ വെല്ലുവിളി.
‘‘ബിജെപിയെ ഞാൻ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ വരൂ. കടലിലെ തിരമാലകൾ നീന്തിക്കടക്കാൻ ആർജവമുള്ള ആളാണ്. എന്നോടാണ് ചാണകവെള്ളം തളിക്കുമെന്ന ബിജെപിയുടെ ഭീഷണി. ചാണകം മെഴുകിയ തറയിലാണ് ഞാൻ ജനിച്ചു വീണതും ജീവിച്ചുവന്നതും, എന്നിട്ടുവേണ്ടെ, എന്റെ ശരീരത്തിൽ നല്ല പച്ച മത്സ്യത്തിന്റെ ഗന്ധമുണ്ട്. ബിജെപിയുടെ ഇത്തരത്തിലുള്ള ഉമ്മാക്കി കണ്ടൊന്നും പേടിക്കുന്നയാളല്ല ഞാൻ. ഇങ്ങനെ ഭീഷണിപ്പെടുത്തിയാൽ ബിജെപിക്കും ആർഎസ്എസിനും വഴങ്ങുന്നയാളല്ല ടി.എൻ. പ്രതാപനെന്ന് അവരുടെ സംസ്ഥാന നേതൃത്വത്തെയും ജില്ലാ നേതൃത്വത്തെയും ഞാൻ ഓർമിപ്പിക്കുന്നു.
നിങ്ങൾ പറയുന്ന സ്ഥലത്തു ഞാൻ വരാം. പന്തയം വച്ചിട്ടു വേണമെങ്കിലും വരാം. എനിക്ക് ആർഎസ്എസിനെ പേടിയില്ല. എന്റെ കണ്ണിനു താഴത്തെ ഈ അടയാളം സ്കൂൾകാലത്ത് ആർഎസ്എസുകാർ സ്കൂളിൽവന്ന് ഇടിക്കട്ട കൊണ്ട് ഇടിച്ചതിന്റെ ബാക്കിപത്രമാണ്. ആർ.എസ്.എസിനും അതേപോലെ മുസ്‌ലിം തീവ്രവാദത്തിനും കീഴടങ്ങില്ല. ഈ രണ്ട് തീവ്രവാദത്തിനെതിരെയും പൊരുതുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Watch Video Report