ടി.എൻ പ്രതാപൻ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ്
|നിലവിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി. സിദ്ദീഖ് എം.എൽ.എ എന്നിവരാണ് കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാർ.
ന്യൂഡൽഹി: ടി.എൻ പ്രതാപനെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് പ്രസിഡന്റാക്കാനുള്ള നിർദേശം എ.ഐ.സി.സി പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താക്കുറിപ്പ് ഇറക്കി.
നിലവിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി. സിദ്ദീഖ് എം.എൽ.എ എന്നിവരാണ് കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാർ. സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കാൻ തയ്യാറെടുക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിൽ ടി.എൻ പ്രതാപൻ മണ്ഡലത്തിൽ സജീവമാവുകയും ചുമരെഴുത്തുകൾ തുടങ്ങുകയും ചെയ്തിരുന്നു.
പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ പോയ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായാണ് കെ. മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. വടകരയിൽ മുരളീധരന് പകരം പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്ന പ്രതാപന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എം.പി സ്ഥാനം മാറിയതിനുള്ള പ്രത്യപകാരമല്ല പുതിയ സ്ഥാനമെന്ന് ടി.എൻ പ്രതാപൻ പ്രതികരിച്ചു. സ്ഥാനാർഥിത്വവും ഭാരവാഹിത്വവുമായി യാതൊരു ബന്ധവുമില്ല. പുതിയ ചുമതലയോട് നീതി പുലർത്തും. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എന്നത് പാർട്ടി എൽപ്പിച്ച ചുമതല മാത്രമാണ്. തന്റെ കൂടി അഭിപ്രായം ചോദിച്ചാണ് തൃശൂരിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കിയതെന്നും പ്രതാപൻ പറഞ്ഞു.