Kerala
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഇല്ലാതാക്കാനായി  തുടങ്ങിയ സർക്കാർ പദ്ധതികള്‍ അവതാളത്തില്‍
Kerala

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഇല്ലാതാക്കാനായി തുടങ്ങിയ സർക്കാർ പദ്ധതികള്‍ അവതാളത്തില്‍

Web Desk
|
30 Nov 2021 8:07 AM GMT

ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി തുടങ്ങിയ ജനനി ജന്മരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണം മുടങ്ങി

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഇല്ലാതാക്കാനായി തുടങ്ങിയ സർക്കാർ പദ്ധതികള്‍ അവതാളത്തില്‍. ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി തുടങ്ങിയ ജനനി ജന്മരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണം മുടങ്ങി. ഫണ്ട് ലഭിക്കാത്തത് കൊണ്ട് 66 ഊരുകളിലെ സാമൂഹിക അടുക്കളകളാണ് പൂട്ടിയത്.

അട്ടപ്പാടിയിൽ ശിശു മരണം വ്യാപകമായ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി സർക്കാരാണ് ജനനി ജന്മരക്ഷ പദ്ധതിക്ക് തുടക്കമിട്ടത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരങ്ങൾ വാങ്ങി കഴിക്കാൻ നേരിട്ട് പണം നൽകുന്നതാണ് പദ്ധതി. കഴിഞ്ഞ 8 മാസമായി പദ്ധതി മുടങ്ങിക്കിടക്കുകയാണ്. ആദിവാസി യുവതികൾ ഗർഭിണിയായി 3 മാസം മുതൽ കുട്ടിക്ക് ഒരു വയസാകുന്നതു വരെ പോഷക ആഹാരങ്ങൾ വാങ്ങാൻ 2000 രൂപ നൽകണം. എന്നാല്‍ മിക്ക സ്ത്രീകൾക്കും ഈ പണം സമയത്തിന് ലഭിക്കാറില്ലെന്ന് കുടുംബശ്രീ അനിമേറ്റർ തന്നെ പറയുന്നു. ആദിവാസി ഊരുകളിൽ നേരിട്ട് ഭക്ഷണം പാകം ചെയ്ത് നൽകുന്ന സാമൂഹ്യ അടുക്കള പദ്ധതിയും ഇപ്പോൾ കൃത്യമായി നടക്കുന്നില്ല.

സാമൂഹ്യ നീതി വകുപ്പും പട്ടികവർഗ വകുപ്പും സംയുക്തമായാണ് ഫണ്ട് നൽകേണ്ടത്. കൃത്യസമയത്ത് പണം ലഭിക്കാത്തതാണ് പ്രശ്നമായത്. 187 ഊരുകളിൽ ആരംഭിച്ച സാമൂഹ്യ അടുക്കള നിലവിൽ 121 എണ്ണത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പ് എന്‍.എച്ച്.ആര്‍.എം പദ്ധതി പ്രകാരം പദ്ധതിയായ ജെ.എസ്.എസ്.കെ പദ്ധതിയും മുടങ്ങി. ഗർഭിണികൾക്ക് പ്രസവ സമയത്തും തുടർന്നും ആവശ്യമായ സേവനങ്ങളാണ് ജെ.എസ്.എസ്.കെ പദ്ധതി വഴി നൽകേണ്ടത്.



Similar Posts