കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവ്; മെഡിക്കൽ ബോർഡ് ഉടൻ രൂപീകരിക്കും
|അവയവം മാറി ശസ്ത്രക്രിയ നടത്തിയ കേസിലും ശസ്ത്രക്രിയ നടത്തിയ കമ്പി മാറിയെന്ന പരാതിയിലുമാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവുകളിൽ മെഡിക്കൽ ബോർഡ് ഉടൻ രൂപീകരിക്കും. അവയവം മാറി ശസ്ത്രക്രിയ നടത്തിയ കേസിലും ശസ്ത്രക്രിയ നടത്തിയ കമ്പി മാറിയെന്ന പരാതിയിലുമാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൈ വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ കേസിലായിരിക്കും ആദ്യ മെഡിക്കൽ ബോർഡ് രൂപീകരിക്കുക. ബൈക്കപകടത്തിൽ കൈക്ക് പൊട്ടലേറ്റ അജിതിന് കമ്പി മാറ്റിയിട്ടെന്ന പരാതിയിലും മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇക്കാര്യമാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എ സി പി ജില്ല മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി. രണ്ട് കേസിലും പോലീസ് അന്വേഷണം നടക്കുകയാണ് .
കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയെന്ന കേസിൽ ഡോക്ടർ ബിജോൺ ജോൺസനെ പൊലീസ് ചോദ്യം ചെയ്തു.തെറ്റ് ചെയ്തിട്ടില്ലെന്നും നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതാണെന്നുമാണ് ഡോക്ടർ മൊഴി നൽകിയത് .ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാർ കണ്ടെത്തിയതെന്നും ഡോക്ടർ മൊഴി നൽകി.
സസ്പെൻഷന് ശേഷം നാട്ടിൽ പോയ ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. സംഭവത്തിൽ ഡി എം.ഇ നിയോഗിച്ച മൂന്നംഗ വിദഗ്ധ കമ്മിറ്റി വകുപ്പ് തല അന്വേഷണം നടത്തി റിപ്പോർട്ട് ഡി.എം.ഇയ്ക്ക് കൈമാറി. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും വകുപ്പു തല തുടർനടപടികൾ ഉണ്ടാവുക.