ട്രംപിലിടിച്ച് സ്വർണം ഇടിഞ്ഞു; പവന് 1320 രൂപ കുറഞ്ഞു
|റോക്കറ്റ് പോലെ കുതിച്ചുകയറിയ സ്വർണവില കുറെ നാളുകൾക്ക് ശേഷം ആദ്യമായാണ് ഒറ്റയടിക്ക് ആയിരം രൂപയിലധികം കുറയുന്നത്
തിരുവനന്തപുരം: സ്വർണ വിലയിൽ വൻ കുറവ്. സ്വർണം പവന് ഇന്ന് 1320 കുറഞ്ഞു 57600 രൂപയായി. ഗ്രാമിന് 165 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 7200 രൂപയായി.
നവംബര്‍ ഒന്നാം തിയതി മുതൽ സ്വർണവില ഇടിയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഈ മാസം ഇന്നലെ മാത്രമാണ് നേരിയ വർദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വർണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി.
ഒക്ടോബർ 19ന് വില 58,000വും ഒക്ടോബർ 29ന് വില 59,000വും കടന്നിരുന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന്റെ വില 7000 രൂപയ്ക്ക് മുകളിലാണെന്നതും ശ്രദ്ധേയമാണ്.
റോക്കറ്റ് പോലെ കുതിച്ചുകയറിയ സ്വർണവില കുറെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് ആയിരം രൂപയിലധികം കുറയുന്നത്. അമേരിക്കൻ തെരഞ്ഞെടപ്പ് ഫലം സ്വർണവിപണിയെ സ്വാധീനിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഡോണള്‍ഡ് ട്രംപിനെയാണ് അടുത്ത പ്രസിഡന്റായി അമേരിക്കൻ ജനത തെരഞ്ഞെടുത്തത്. പവന് അറുപതിനായിരം കടക്കുമെന്ന് പ്രവചിച്ചിടത്ത് നിന്നാണ് സ്വര്‍ണവില താഴോട്ട് എത്തുന്നത്.
തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി 2025 ജനുവരിയിലാണ് ട്രംപ് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് പദത്തിലേറുക. എങ്കിലും ട്രംപ് സ്വീകരിച്ചേക്കാവുന്ന നയങ്ങൾ അമേരിക്കയുടെയും ലോകത്തിന്റെയും സാമ്പത്തികരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം സ്വര്‍ണവില ഇനി കുതിച്ചുകയറാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും സജീവമാണ്.