![തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ് തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ്](https://www.mediaoneonline.com/h-upload/2021/12/25/1265606-christ-1.webp)
തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ്
![](/images/authorplaceholder.jpg?type=1&v=2)
ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം
തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം.
തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവന്‍മാർ ദേവാലയങ്ങളില്‍ പ്രാർത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച് പ്രാർത്ഥനയോടെയാണ് വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുകൂടിയത്. ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു. പട്ടം സെന്റ് തോമസ് കതീഡ്രലിൽ നടന്ന ശുശ്രൂഷാ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. തീ ഉഴലിച്ച ശുശ്രൂഷയിലും പാതിരാ കുർബാനയിലും നിരവധി പേർ പങ്കാളികളായി
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോക്ടർ എം സൂസപാക്യത്തിന്റെ കാർമികത്വത്തിൽ ആയിരുന്നു പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിലെ ചടങ്ങുകൾ. പ്രദക്ഷിണത്തോടെയായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. ശേഷം അൾത്താരയിലെ ഉണ്ണിയേശുവിന്റെ രൂപം പുൽക്കൂട്ടിൽ എത്തിച്ചു.ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഢം പാലിച്ചാണ് ദേവാലയങ്ങളില്‍ ശ്രശ്രൂഷകള്‍ നടന്നത്.