Kerala
സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സംസ്ഥാന സമിതിയുടെയും ആദ്യ യോഗം ഇന്ന്
Kerala

സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സംസ്ഥാന സമിതിയുടെയും ആദ്യ യോഗം ഇന്ന്

Web Desk
|
9 March 2022 1:27 AM GMT

കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ചയാകും

എറണാകുളം സമ്മേളനം തെരഞ്ഞെടുത്ത സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സംസ്ഥാന സമിതിയുടെയും ആദ്യ യോഗം ഇന്ന് ചേരും. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ചയാകും. രാജ്യസഭാ തെരഞ്ഞെടുപ്പും സ്ഥാനാര്‍ഥി നിര്‍ണയവും ചര്‍ച്ചയായേക്കും.

പാര്‍ട്ടിയില്‍ തലമുറ മാറ്റമുണ്ടായി എന്ന് വ്യക്തമാക്കിയ സംസ്ഥാനസമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന സമിതിയുടെയും യോഗമാണ് എ.കെ.ജി സെന്ററില്‍ ചേരുന്നത്.രാവിലെ സെക്രട്ടറിയേറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയും ചേരും. 17 അംഗ സെക്രട്ടേറിയറ്റില്‍ എട്ടു പുതുമുഖങ്ങളാണ്. ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം എങ്ങനെ വേണമെന്ന സംസ്ഥാനഘടകത്തിന്റെ നിലപാട് ചര്‍ച്ചയായേക്കും. 31ന് രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേതൃയോഗങ്ങളിലുണ്ടാകും. മുന്നണിക്ക് ജയം ഉറപ്പായ രണ്ടു സീറ്റിലും മത്സരിക്കാനാണ് സി.പി.എം ആലോചന.

എന്നാല്‍ ഒരു സീറ്റ് ഉറപ്പിച്ചാണ് സി.പി.ഐയുടെ നീക്കങ്ങള്‍. നേരത്തെ ഒഴിവ് വന്ന രണ്ട് സീറ്റും സിപിഎം എടുത്തത് കൊണ്ട് ഇത്തവണ ഒരു സീറ്റ് വേണമെന്ന നിലപാടിലാണ് സി.പി.ഐ.രണ്ടു സീറ്റില്‍ ഒഴിവു വരുമ്പോള്‍ ഒന്ന് നല്‍കാമെന്ന ഉറപ്പ് സി.പി.എം നല്‍കിയിരുന്നതാണെന്നും സി.പി.ഐ പറയുന്നുണ്ട്. രണ്ടുസീറ്റും ഏറ്റെടുത്താല്‍ ഒരെണ്ണം പുതുതലമുറ നേതാക്കള്‍ക്ക് നല്‍കാനും സി.പി.എം ആലോചനയുണ്ട്. എ.എ റഹീം, വി.പി സാനു, ചിന്താ ജെറോം എന്നിവരാണ് പരിഗണനയിലുള്ളത്.

ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും സാധ്യതാ പട്ടികയിലുണ്ട്. കെ.കെ ശൈലജ, തോമസ് ഐസക് എന്നിവരെയും പരിഗണിച്ചേക്കാം. മുന്‍ മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കാനും സാധ്യതയുണ്ട്. ഇടതുമുന്നണിയില്‍ തീരുമാനമെടുത്തശേഷമേ അന്തിമ പ്രഖ്യാപനത്തിന് സാധ്യതയുള്ളു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 21 ആണ്.


Similar Posts