ഇന്ന് മഹാശിവരാത്രി; ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി
|കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ
മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ. ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് മുതൽ നാളെ ഉച്ചവരെ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ബലിതർപ്പണത്തിനായി വിപുലമായ ക്രമീകരണങ്ങൾ ആണ് ആലുവയിൽ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇത്തവണ രാത്രിയിൽ ബലിയിടുന്നതിനും പുഴയിൽ ഇറങ്ങുന്നതിനും തടസമില്ല. രാത്രി പത്തിന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഒരേസമയം 200 പേർക്ക് ബലിയിടാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ 148 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പുരോഹിതരുടെ ബഹിഷ്കരണം മൂലം 60 എണ്ണം മാത്രമാണ് ലേലത്തിൽ പോയത്.
ക്ഷേത്രത്തിൽ ദർശനത്തിനായി പ്രത്യേക ക്യൂ ഏർപ്പെടുത്തും. പെരിയാറിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ സുരക്ഷയ്ക്ക് അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധർ സ്ഥലത്തുണ്ടാകും .നഗരസഭയും ജല അതോറിറ്റിയും ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ ശുദ്ധജലം ക്രമീകരിച്ചിട്ടുണ്ട് .കെ.എസ്.ആര്‍.ടി.സി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആലുവയിലേക്ക് ശിവരാത്രി സ്പെഷ്യൽ ബസുകൾ ഓടിക്കും. കൊച്ചി മെട്രോയും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡും നഗരസഭയും റൂറൽ ജില്ലാ പൊലീസുമാണ് ശിവരാത്രി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശ്രീ നാരായണ ഗുരു അദ്വൈതാശ്രമത്തിൽ വൈകീട്ട് അഞ്ചിന് സർവ്വമത സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.