Kerala
Todays ration distribution in the state has been stopped
Kerala

ഇ പോസ് മെഷീൻ വീണ്ടും തകരാറിൽ; സംസ്ഥാനത്ത് ഇന്നത്തെ റേഷൻ വിതരണം നിർത്തിവെച്ചു

Web Desk
|
2 Jun 2023 7:30 AM GMT

കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലില്‍ പുതിയ അപ്ഡേഷന്‍ വരുത്തുന്നതിനിടെയാണ് ഇ പോസ് പണിമുടക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവെച്ചു. ഇ പോസ് മെഷീനിലെ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് റേഷന്‍ വിതരണം നിലച്ചത്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലില്‍ പുതിയ അപ്ഡേഷന്‍ വരുത്തുന്നതിനിടെയാണ് ഇ പോസ് പണിമുടക്കിയത്.

ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്‌വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ് ഇ പോസ് മെഷീന്‍. കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല. ഏറ്റവും ഒടുവില്‍ റേഷന്‍ ബില്ലില്‍ അപ്ഡേഷന്‍ വരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മെഷീന്‍ തകരാറിലായത്. ഇന്നലെ മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്നം നേരിട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.

മഞ്ഞ, പിങ്ക് നിറത്തിലുള്ള കാര്‍ഡുകള്‍ക്കും നീല, വെള്ള കാര്‍ഡുകള്‍ക്കും പ്രത്യേകം ബില്ലുകള്‍ വേണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പിലാക്കുന്നതിനിടെയാണ് ഇ പോ വീണ്ടും പണിമുടക്കിയത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രി ജി ആര്‍ അനില്‍ റേഷന്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. പ്രശ്നം പരിഹരിച്ച ശേഷം നാളെമുതല്‍ റേഷന്‍ വിതരണം സാധാരണനിലയിലാകുമെന്ന് മന്ത്രി അറിയിച്ചു.

Similar Posts