Kerala
arjun rescue operation
Kerala

കാണാനായത് ചെളിയും കല്ലും മാത്രം; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിച്ചു

Web Desk
|
27 July 2024 2:35 PM GMT

തിരച്ചിൽ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പുഴയിലെ മൺകൂനക്ക് അരികെ ഇറങ്ങിയാണ് ശനിയാഴ്ച പരിശോധന നടത്തിയത്. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ധരുമായ മാൽപെ സംഘവും ചേർന്നായിരുന്നു തിരച്ചിൽ. ഞായറാഴ്ച രാവിലെ ദൗത്യം തുടരും.

ഗംഗാവലി പുഴയിൽ സിഗ്നൽ കാണിച്ച മൂന്നിടങ്ങളിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ചെളിയും കല്ലും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവുമായി തിരച്ചിലിന് ശേഷം കൂടിക്കാഴ്ച നടത്തും. അവർ പറയുന്നതിന് അനുസരിച്ച് ഭാവി രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യുമെന്നും കലക്ടർ മീഡിയവണിനോട് പറഞ്ഞു.

വളരെ നിരാശരാണെന്ന് കാർവാർ എം.എൽ.എ സതീഷ് സെയിൽ പറഞ്ഞു. ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയുമാണ് കണ്ടത്. ദൗത്യം അതീവ ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു.

തിരച്ചിൽ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. തിരച്ചിലിനായി വിശദ പ്ലാൻ കർണാടക സർക്കാറിനുണ്ടെന്നും അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Similar Posts