'കള്ള് ഒരു പോഷകാഹാരമാണ്, കള്ളു ഷാപ്പുകളുടെ പ്രാകൃത രീതി മാറണം'; ഇ.പി ജയരാജന്‍
|കള്ളുഷാപ്പുകൾ ആധുനിക വത്കരിച്ചാൽ വ്യവസായ സാധ്യതകളുണ്ടെന്നും ഇ.പി പറഞ്ഞു
കോഴിക്കോട്: കള്ള് യഥാർഥത്തിൽ ഒരു പോഷകാഹാരമാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. രാവിലെ കള്ള് ചെത്തിയ ഉടനെ ഉപയോഗിക്കുമ്പോൾ അത് ലഹരിയല്ല. നീര ഇതിന്റെ പതിപ്പാണെന്നും ജയരാജൻ പറഞ്ഞു.
'കള്ളുഷാപ്പുകൾ ഇന്ന് പ്രാകൃത രീതിയിലാണ്. എവിടെയെങ്കിലും ഒരു ഷെഡൊക്കെ വലിച്ചുകെട്ടി ഒളിവിൽ പോയി കഴിക്കുന്ന പോലെയാണ് ഷാപ്പിൽ ആളുകൾ പോകുന്നത്. കള്ള് ലിക്കറല്ല. അത് പോഷഹാര വസ്തുവാണ്. എടുത്ത ഉടനെ കുടിക്കുമ്പോൾ അത് ലഹരിയല്ല. പിന്നീടാണ് അത് ലഹരിയാകുന്നത്. നീര ഇതിന്റെ തന്നെ ഒരു പതിപ്പാണ്. വലിയ തൊഴിൽ സാധ്യത ഈ മേഖലയിൽ കേരളത്തിലുണ്ട്. കള്ളുഷാപ്പുകളുടെ പ്രാകൃത രീതി മാറ്റി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോടു കൂടി കൊണ്ടുവരാൻ സാധിക്കണം'. ജയരാജന്‍ പറഞ്ഞു.
ലഹരി ഇല്ലാത്ത ഒരു പാനീയമാക്കി ഉപയോഗിച്ചാൽ കള്ള് നല്ലതാണ്. ബംഗാളിലൊക്കെ പോയാൽ രാവിലെ നാല് മണിക്കൊക്കൊ പനം കള്ള് ബെഡ് ടീ പോലെ കുടിക്കുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ മദ്യനയത്തിൽ എതിർപ്പുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.