തിരുവല്ലത്ത് നാളെ മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കും
|11 കിലോമീറ്ററില്‍ താമസിക്കുന്ന നാട്ടുകാര്‍ക്ക് സൌജന്യയാത്ര അനുവദിക്കാമെന്ന് ഇന്ന് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി
കഴക്കൂട്ടം -കാരോട് ബൈപ്പാസിലെ ടോള്‍ പിരിവ് നാളെ പുനരാരംഭിക്കും. 11 കിലോമീറ്ററില്‍ താമസിക്കുന്ന നാട്ടുകാര്‍ക്ക് സൌജന്യയാത്ര അനുവദിക്കാമെന്ന് ഇന്ന് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെ സംയുക്ത സമരസമിതിയുടെ സമരം അവസാനിച്ചു.
പണി തീരാത്ത റോഡില്‍ ടോള്‍ ആരംഭിച്ചതിനെതിരെ കഴിഞ്ഞ 47 ദിവസമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിലായിരുന്നു. ഇതിനിടയില്‍ നാലുതവണ ടോള്‍ പ്ലാസ തുറന്നെങ്കിലും സമരം ശക്തമായതോടെ ടോള്‍ പിരിവ് നിര്‍ത്തി. നാഷണല്‍ ഹൈവേ അതോറിറ്റി, ജില്ലാ കലക്ടര്‍, പൊലീസ്, സംയുക്ത സമരസമിതി എന്നിവരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
റേഷന്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ കാണിച്ച് പ്ലാസ വഴി നാട്ടുകാര്‍ക്ക് യാത്ര ചെയ്യാം. ഇവര്‍ക്കുള്ള പെര്‍മനന്റ് പാസ് പിന്നീട് ദേശീയ പാത അതോറിറ്റി നല്‍കുന്നതാണ്. സര്‍വീസ് റോഡുകളുടെ പണിയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പണിയും ഉടന്‍ ആരംഭിക്കും.