പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും
|തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ടോൾ പിരിവിന് ചുമതല
പാലക്കാട്-തൃശൂർ ദേശീയ പാതയിലെ പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും. തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ടോൾ പിരിവിന് ചുമതല. റോഡിനും കുതിരാൻ തുരങ്ക പാതയ്ക്കും പ്രത്യേകമായി തുക നിശ്ചയിച്ച് രണ്ടിനും ചേർത്താണ് ടോൾ പിരിക്കുന്നത്. എന്നാൽ സൗജന്യപാസ് നൽകുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ടോൾപിരിവ് ആരംഭിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നും പ്രദേശവാസികൾ അറിയിച്ചു.
കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാതയായ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായ. കരാർ കമ്പനി കെ.എം.സി., ആറുവരിപ്പാത നിർമാണത്തിനായി രൂപവത്കരിച്ച തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിവ് നടത്തുക. 2032 സെപ്റ്റംബർ 14 വരെ ടോൾ പിരിക്കാം അതിനുശേഷം ടോൾ നിരക്ക് 40 ശതമാനമായി കുറയ്ക്കണം. ടോൾ പിരിവ് കേന്ദ്രത്തിന്റെ 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാരുടെ സ്വകാര്യവാഹനങ്ങൾക്ക് 285 രൂപ പ്രതിമാസനിരക്കിൽ പാസും അനുവദിച്ചിട്ടുണ്ട്. കാറുകൾക്ക് 90 രൂപയും ട്രക്കുകൾക്ക് 280 ഉം മിനി ചരക്ക് വാഹനങ്ങൾക്ക് 140 ഉം വലിയ ചരക്ക് വാഹനങ്ങൾക്ക് 430 രൂപയുമാണ് ഒരു വശത്തേക്കുള്ള നിരക്ക്.
രണ്ടുമാസം മുമ്പുതന്നെ 18 ട്രാക്കുകളുള്ള ടോൾ പിരിവ് കേന്ദ്രം വടക്കഞ്ചേരി പന്നിയങ്കരയിൽ പ്രവർത്തനസജ്ജമാക്കിയിരുന്നു. ജനുവരി അവസാനത്തോടെ ടോൾ പിരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജനങ്ങളുടെ എതിർപ്പും സർവീസ് റോഡിന്റെ റീടാറിങ് പൂർത്തിയാകാത്തതും മൂലം നീണ്ടുപോവുകയായിരുന്നു. കുതിരാൻ തുരങ്കമുൾപ്പെടെ 25.725 കിലോമീറ്ററാണ് പാതയുടെ നീളം. എന്നാൽ ടോൾ പിരിവ് കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾക്ക് സൗജന്യപാസ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടിയുണ്ടായിട്ടില്ലെന്നും പിരിവ് ആരംഭിച്ചാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ജനകീയ സമര സമിതി നേതാക്കൾ പറഞ്ഞു. സർവീസ് റോഡ് നിർമ്മാണം ഉൾപ്പെടെ പൂർത്തിയാക്കാതെയാണ് കരാർ കമ്പനി പിരിവ് ആരംഭിച്ചിരിക്കുന്നത് എന്നും സമരക്കാർ കുറ്റപ്പെടുത്തി. ടോൾ പിരിവ് ആരംഭിച്ചാൽ തടയാനാണ് വിവിധ സംഘടനകളുടെ തീരുമാനം.