Kerala
കെ.എസ്.ആർ.ടി.സിക്കെതിരെ ടോൾ കമ്പനി: കുടിശ്ശികയുടെ പേരിൽ തർക്കം
Kerala

കെ.എസ്.ആർ.ടി.സിക്കെതിരെ ടോൾ കമ്പനി: കുടിശ്ശികയുടെ പേരിൽ തർക്കം

Web Desk
|
11 May 2022 2:08 AM GMT

ടോൾ പിരിക്കുന്നതിൽ ക്രമക്കേടുണ്ടെന്നും അമിത തുക ഈടാക്കുന്നതായി കണ്ടെത്തിയെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വാദം

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ പിഴിഞ്ഞ് ടോള്‍ കമ്പനിയും. പാലിയേക്കര ടോള്‍ പ്ലാസയില്‍ കുടിശ്ശികയുടെ പേരില്‍ നൂറ് കോടിയിലധികം രൂപ കോര്‍പറേഷന്‍ നല്‍കണമെന്ന് ടോള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചു. 31 കോടി മാത്രമേ അടക്കാനുള്ളുവെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. ടോള്‍ പിരിക്കുന്നതില്‍ ക്രമക്കേടുണ്ടെന്നും അമിത തുക ഈടാക്കുന്നതായി കണ്ടെത്തിയെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം.

പാലിയേക്കര ടോള്‍ പ്ലാസ വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ടോള്‍ നിര്‍ബന്ധമാണ്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ടോള്‍ പിരിക്കാനുള്ള ചുമതല. ഫാസ്റ്റ് ടാഗില്‍ മതിയായ തുക നിലനിര്‍ത്താതെയാണ് പലപ്പോഴും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ടോള്‍ പ്ലാസ കടക്കുന്നതെന്നാണ് ദേശീയ പാത അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചത്. ഇത് കാരണം ഇരട്ടിതുക പിഴയായി വാങ്ങേണ്ടി വരും.

ഈ വര്‍ഷം ഫെബ്രുവരി വരെ 106.36 കോടി കോര്‍പറേഷന്‍ നല്‍കാനുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. 3.05 കോടി രൂപ കെ.എസ്.ആര്‍.ടി.സി അടച്ചിട്ടുണ്ട്. ജി.ഐ.പി.എല്ലിന്‍റേത് തെറ്റായ കണക്കാണെന്ന് പരിശോധനയില്‍ മനസിലായെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. 24 മണിക്കൂറിനകും തിരിച്ചുവരുന്ന ബസുകള്‍ക്ക് 50 ശതമാനം ടോളേ ഈടാക്കാവൂ എന്നാണ് നിയമം. ടോള്‍ കമ്പനി ഇതിനും ഇരട്ടി തുകയാണ് ഈടാക്കുന്നത്.

ടോള്‍ പ്ലാസക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പുതുക്കാട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ക്ക് ഇളവ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. സര്‍ക്കാരിന്‍റെ മുമ്പിലെത്തിയ തര്‍ക്കത്തില്‍ പരിഹാരമായില്ലെങ്കില്‍ കോടതി കയറാനാണ് സാധ്യത.

Similar Posts