Kerala
K Sudhakaran, Congress, KPCC

K Sudhakaran

Kerala

ബജറ്റിലെ നികുതി വർധനവിനെതിരെ നാളെ കോൺഗ്രസ് കരിദിനം

Web Desk
|
3 Feb 2023 3:26 PM GMT

''ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും ഇടതുമുന്നണിയും വിസ്മരിക്കരുത്‌''

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ള്ക്കുമെതിരെ ഫെബ്രുവരി നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹിയോഗം തീരുമാനിച്ചു. ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാൻ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ മടിക്കുന്ന സർക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയിൽക്കെട്ടിവെച്ചത്.അധിക വിഭവ സമാഹരണത്തിന് ബദൽ ധനാഗമന മാർഗങ്ങൾക്കായി ക്രിയാത്മക നിർദേശങ്ങൾ കണ്ടെത്താത്ത ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്ന് കെ.പി.സി.സി യോഗം വിലയിരുത്തി.

ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരുലക്ഷം രൂപയുടെ കടത്തിലാണെന്നത് കേരള സർക്കാർ മറക്കരുത്. സർക്കാരിന്റെ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും അഭംഗുരം തുടരുന്നതിന് വേണ്ടിയാണ് സാധാരണ ജനങ്ങളെ ബലിയാടാക്കിയത്. ആഡംബര കാറുകളും വിദേശയാത്രകളും അനധികൃത നിയമനങ്ങൾ നടത്താനും മറ്റുമാണ് സാധാരണക്കാരെ പിഴിയുന്നത്. മാർക്‌സിസ്റ്റ് ഭരണത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സർവസാധനങ്ങൾക്കും അഭൂതപൂർവ്വമായ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പമാണ് ഇരുട്ടടിപോലെയുള്ള നികുതി വർധനവ്. ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും ഇടതുമുന്നണിയും വിസ്മരിക്കരുതെന്നും കെ.പി.സി.സി വാർത്താക്കുറിപ്പിൽ പറഞ്ഞു. യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

Similar Posts