മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്
|ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്
കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്(കോഴിക്കോട് ഖാദിമാർ), ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു. മാസപ്പിറ കണ്ടതിനാൽ നാളെ റമദാൻ ഒന്നാണെന്ന് വിസ്ഡം ഹിലാൽ വിംഗ് ചെയർമാൻ അബൂബക്ർ സലഫിയും അറിയിച്ചു.
മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്നാണ് റമദാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
റമദാൻ മാസത്തെ വരവേൽക്കാൻ ഇസ്ലാം മതവിശ്വാസികൾ നേരത്തെ ഒരുങ്ങിയിരുന്നു. ആത്മസംസ്കരണത്തിന്റെ ദിനരാത്രങ്ങളായാണ് റമദാനെ ഇസ്ലാം മത വിശ്വാസികൾ കാണുന്നത്. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുർആൻ പാരയണം, രാത്രിയിൽ തറാവീഹ് നമസ്കാരം, ദാനധർമങ്ങൾ, ഉദ്ബോധന ക്ലാസുകൾ എന്നിവയൊക്കെ റമദാനിൽ നടക്കും. ഇസ്ലാം മതവിശ്വാസികൾക്ക് അല്ലാഹുവിലേക്കുള്ള ആത്മസമർപ്പണത്തിന്റെ മാസം കൂടിയാണ് റമദാൻ. ആയിരം മാസത്തേക്കാൾ പുണ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലൈലത്തുൽ ഖദർ രാത്രി റമദാനിലാണ്.