''നാക്കുപിഴയൊക്കെ എല്ലാ മനുഷ്യർക്കും സംഭവിക്കും''; വിശദീകരണവുമായി മന്ത്രി ശിവന്‍കുട്ടി
|നാക്കുപിഴയെ ആക്ഷേപിച്ച് ചിലര്‍ രംഗത്തുണ്ട്. പ്രത്യേകിച്ച് ബിജെപിക്കാരും കോൺഗ്രസിലെ ഒരു വിഭാഗവും. അതുകൊണ്ടുള്ള ആത്മസംതൃപ്തിയും ആശ്വാസവും അവർക്കു കിട്ടുമെങ്കിൽ ആകട്ടെ- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു
സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞതിൽ സംഭവിച്ച അബദ്ധത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതൊരു നാക്കുപിഴയാണെന്നും അതുപറഞ്ഞ് ആക്ഷേപിക്കുന്നവര്‍ക്ക് എന്തെങ്കിലും സംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കില്‍ ആകട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നാക്കുപിഴയൊക്കെ ലോകത്തെ എല്ലാ മനുഷ്യർക്കും സംഭവിക്കും. അക്കൂട്ടത്തിലുള്ളൊരു പിഴയാണ് ഇന്നലെ സംഭവിച്ചിട്ടുള്ളത്. അതിനെ ആക്ഷേപിച്ചുകൊണ്ടും അതിനെ പലരൂപത്തിൽ ചിത്രീകരിച്ചുകൊണ്ടുമുള്ള നടപടികൾ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ബിജെപിക്കാരും കോൺഗ്രസിലെ ഒരു വിഭാഗവും. അതുകൊണ്ടുള്ള ആത്മസംതൃപ്തിയും ആശ്വാസവും അവർക്കു കിട്ടുമെങ്കിൽ ആകട്ടെ. എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഈ ആക്ഷേപിക്കുന്നവരും മനുഷ്യരാണെങ്കിൽ അവർക്ക് നാക്കുപിഴയൊക്കെ സംഭവിക്കുമെന്ന കാര്യത്തിൽ തർക്കമില്ല-മന്ത്രി ചൂണ്ടിക്കാട്ടി.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നമ്മൾ പുറത്തിറക്കിയ മാർഗരേഖയിലെ പിശകുകളോ മാറ്റംവരുത്തേണ്ട കാര്യങ്ങളോ ഒക്കെയാണ് കേരള സമൂഹത്തോടും വിദ്യാർത്ഥികളോടും താൽപര്യമുള്ളവർ ചൂണ്ടിക്കാട്ടേണ്ടത്. ഇപ്പോൾ തന്നെ എന്റെ പടവും വേറൊരു തട്ടിപ്പുവീരന്റെ പടവും മോർഫ് ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. ഞാൻ പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. അതൊക്കെ അതിന്റെ വഴിക്കു നടക്കും. മനുഷ്യസഹജമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തിരിച്ചറിയാതിരിക്കുകയും അതിനെ നിരന്തരം ആക്ഷേപിക്കുകയും ചെയ്യുന്നവർക്ക് ആത്മസംതൃപ്തിയുണ്ടാകുമെങ്കില്‍ അങ്ങനെയാകട്ടെ. അതിലൊന്നും ഞാനത്ര ഉത്കണ്ഠപ്പെടുന്നില്ല. അതിനുവേണ്ടി സമയം കളയുന്നില്ലെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് നാക്കുപിഴ സംഭവിച്ചത്. ''ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലല്ലേ.. 23 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നു. അവിടെയും വലിയ പ്രശ്‌നങ്ങളൊന്നും വന്നിട്ടില്ല...'' എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലടക്കം മന്ത്രിക്കെതിരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബും ഫേസ്ബുക്കിൽ മന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായെത്തി. ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന അടിക്കുറിപ്പോടെ രാജ്യത്തെ 28 സംസ്ഥാനങ്ങളുടെയും എട്ട് കേന്ദ്രഭരണപ്രദേശങ്ങളുടെയും പേര് പങ്കുവച്ചായിരുന്നു അബ്ദുറബിന്‍റെ പരിഹാസം.