കാഫിർ സ്ക്രീൻഷോട്ട്: സി.പി.എം ഉന്നതനേതാക്കൾക്ക് പങ്ക് -ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ
|‘വടകര പൊലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നത്’
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ സി.പി.എമ്മിന്റെ ഉന്നതനേതാക്കൾക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. മുസ്‍ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിൻ്റെ പരാതിയിൽ ഇതുവരെ കേസ് എടുത്തിട്ടില്ല.
കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇനിയും ശ്രമിക്കാത്തത് അതുകൊണ്ടാണ്. കേസിൽ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ട് .
വടകരയിലെ പൊലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നത്. പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണെന്നും അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.
വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
2024 ഏപ്രിൽ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കൾ' എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.
രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോൺ വിശദമായ പരിശോധനക്ക് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.