ആകെ വോട്ട് ചെയ്തവരുടെ എണ്ണം: സംസ്ഥാനത്ത് മുന്നിൽ വടകര
|ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്തുവിട്ടത്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് വടകരയിൽ. 11,14,950 പേരാണ് ഇവിടെ വോട്ട് ചെയ്തത്. 14,21,883 ആണ് മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം.
വടകര കഴിഞ്ഞാൽ കാസർകോട് ആണ് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത മണ്ഡലം. ആകെ 11,04,331 പേർ വോട്ട് ചെയ്തു. ഇവിടെ വോട്ടർമാരുടെ എണ്ണം 14,52,230.
ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. 12,548,23ൽ 8,23,237 പേരാണ് വോട്ട് ചെയ്തത്. 65.61 ആണ് വോട്ട് ശതമാനം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് ശതമാനവും വടകരയിലാണ്, 78.41. കണ്ണൂരാണ് രണ്ടാമത്, 77.21 ശതമാനം. ഏറ്റവും കുറവ് 63.37 ശതമാനമുള്ള പത്തനംതിട്ടയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടത്തിലെ ആകെ പോൾ ചെയ്തവരുടെ എണ്ണം ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ആദ്യ ഘട്ടത്തിൽ 66.14, രണ്ടാം ഘട്ടത്തിൽ 66.71, മൂന്നാം ഘട്ടത്തിൽ 65.68, നാലാം ഘട്ടത്തിൽ 69.16, അഞ്ചാം ഘട്ടത്തിൽ 62.20 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഒന്നാം ഘട്ടത്തിൽ 11 കോടി, രണ്ടാംഘട്ടത്തിൽ 10.58 കോടി, മൂന്നാംഘട്ടത്തിൽ 11.32 കോടി, നാലാം ഘട്ടത്തിൽ 12.24 കോടി, അഞ്ചാംഘട്ടത്തിൽ 5.57 കോടി എന്നിങ്ങനെയാണ് വോട്ട് ചെയ്തവരുടെ എണ്ണം. രണ്ടാം ഘട്ടത്തിലായിരുന്നു കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്.