ഏഴുപേർ മാത്രം സഞ്ചരിക്കേണ്ട വള്ളത്തിൽ ഇരട്ടിയിലേറെ ആളുകൾ; മൺട്രോത്തുരുത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെ വിനോദ സഞ്ചാരം
|വള്ളങ്ങളിൽ ലൈഫ് ജാക്കറ്റുപോലുമില്ല
കൊല്ലം: ലോക വിനോദ സഞ്ചാര ഭൂപടത്തിൽ തന്നെ ഇടം പിടിച്ച മനോഹര സ്ഥലമാണ് കൊല്ലം ജില്ലയിലെ മൺട്രോത്തുരുത്ത്. ദിവസേനെ നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് മൺട്രോത്തുരുത്തിന്റെ ഭംഗി ആസ്വദിക്കാനായി എത്തുന്നത്. എന്നാൽ ഇവിടെ അപകടകരമായ രീതിയിൽ ആളുകളെ വള്ളത്തിൽ കയറ്റിയാണ് വിനോദസഞ്ചാരം നടത്തുന്നത്. ഏഴുപേർ മാത്രം സഞ്ചരിക്കേണ്ട വള്ളത്തിൽ പതിനഞ്ചും ഇരുപതും ആളുകളെ ആണ് കയറ്റുന്നത് .
ഏഴുപേർ മാത്രം ഒരു വള്ളത്തിൽ കയറ്റാവൂ എന്നാണ് നിബന്ധന . വള്ളത്തിലെ വിനോദസഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് അടക്കം നിർബന്ധമായും നൽകണമെന്നുമുണ്ട്. നിയമങ്ങൾ കർശനമാണെങ്കിലും ഇതൊന്നും മൺട്രോത്തുരുത്തിൽ ബാധകമാകുന്നില്ല. സംരക്ഷിത കേന്ദ്രമായ മൺറോ തുരുത്തിലെ ഇടത്തോടുകളിലൂടെയുള്ള വള്ളത്തിലെ യാത്ര അതീവ മനോഹരമാണ്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഈ സവാരിക്ക് മാത്രമായി എത്തുന്നത്. വിനോദസഞ്ചാരികളുമായി ഇടത്തോടുകൾ വഴി മാത്രമല്ല വെള്ളക്കാർ യാത്രചെയ്യുന്നത്. കല്ലടയാറ്റിലും അഷ്ടമുടിക്കായലിലും സഞ്ചരിക്കാറുണ്ട്.
ചെറുവള്ളങ്ങൾക്ക് അപകടകരമാംവിധം കായലിലുകളിൽ അപ്രതീക്ഷിതമായി ശക്തമായ കാറ്റ് വീശാറുണ്ട്. ഇവിടെ ലൈഫ് ജാക്കറ്റ് ഇല്ലാതെയുള്ള യാത്ര എത്രത്തോളം അപകടം വിളിച്ചു വരുത്തുന്നുവെന്ന് ഊഹിക്കാവുന്നതാണ്. പലയിടങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് ഗുരുതര വീഴ്ചയെപ്പറ്റി അറിവുണ്ടാകണമെന്നില്ല. പക്ഷേ, ടൂറിസം വകുപ്പും പഞ്ചായത്ത് അധികൃതരും നോക്കുകുത്തിയായാൽ ലോക വിനോദ സഞ്ചാര ഭൂപടത്തിലെ മനോഹര മൺട്രോ തുരുത്ത് കറുത്ത അധ്യായമായി മാറുമെന്നാണ് വിനോദസഞ്ചാരികൾ തന്നെ പറയുന്നത്.