Kerala
നിയമലംഘനങ്ങൾ കണ്ടെത്തി; വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് പിടിയിൽ
Kerala

നിയമലംഘനങ്ങൾ കണ്ടെത്തി; വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് പിടിയിൽ

Web Desk
|
9 Oct 2022 1:10 AM GMT

ബസിന്റെ ബോഡിയുടെ നിറം മാറ്റുകയും അനധികൃത കൂട്ടിചേർക്കലുകൾ, നിയമവിധേയമല്ലാത്ത ലൈറ്റുകൾ, ഉയർന്ന ശബ്ദസംവിധാനം എന്നിവയും കണ്ടെത്തിയതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു

കൊച്ചി: എറണാകുളത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി. എടത്തല എം.ഇ.എസ്. കോളേജിൽ നിന്ന് പുറപ്പെട്ട എക്സ്പോഡ് എന്ന ബസാണ് ആലുവ ജോയിന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബസിൽ ഒട്ടേറെ നിയമലംഘനങ്ങൾ നടത്തിയതായി എം.വി.ഡി കണ്ടെത്തിയിട്ടുണ്ട്.

ബസിന്റെ ബോഡിയുടെ നിറം മാറ്റുകയും അനധികൃത കൂട്ടിചേർക്കലുകൾ എന്നിവയ്ക്കൊപ്പം നിയമവിധേയമല്ലാത്ത ലൈറ്റുകൾ, ഉയർന്ന ശബ്ദസംവിധാനം എന്നിവയും കണ്ടെത്തിയതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ബസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിദ്യാർത്ഥികളുടെ യാത്ര മുടങ്ങി.

വടക്കഞ്ചേരിയില്‍ വിനോദയാത്രക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് 9 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

ഓപ്പറേഷൻ ഫോക്കസ് 3 എന്ന പേരിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന നടത്തുന്നത്.ഇന്നലെ 1,279 കേസുകളിലായി 26.15 ലക്ഷം രൂപ പിഴ ചുമത്തി.ഇതിൽ രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്‌നസ്സും റദ്ദാക്കി.9 ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡു ചെയ്തു. ഈ മാസം 16 ാം തീയതി വരെയാണ് പരിശോധന.ആദ്യ ദിവസം 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.

Similar Posts