രാമനാട്ടുകര സ്വർണക്കടത്ത് കേസ്; മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
|ഇന്നലെ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഷാഫി ഹാജരായിരുന്നില്ല.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നം മൂലം ഹാജരാകാനാകില്ലെന്നായിരുന്നു ഷാഫി കസ്റ്റംസിന് നൽകിയ വിശദീകരണം.
മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുക. സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അർജുൻ ആയങ്കി തന്നോട് പറഞ്ഞെന്നായിരുന്നു ഷെഫീഖിന്റെ മൊഴി. അർജുനുമായുള്ള ഷാഫിയുടെ ബന്ധവും കസ്റ്റംസ് ചോദിച്ചറിയും.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ പരോളിൽ കഴിയുകയാണ് ഷാഫി. സ്വർണക്കടത്ത്, കവർച്ച സംഘങ്ങൾക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. അതേസമയം, അർജുന് ആയങ്കിയുടെ ആദ്യ റിമാന്റ് കാലാവധി ഈ മാസം 13 ന് അവസാനിക്കും. ഇതിനു മുൻപ് ഒരിക്കൽക്കൂടി അർജുനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാൻ അന്വേഷണ സംഘം നിയമോപദേശ തേടിയിട്ടുണ്ട്.