![TP case moves to give relief to accused; An order was issued suspending the officials,LATETS NEWS MALAYALAM,ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ നീക്കം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറങ്ങി TP case moves to give relief to accused; An order was issued suspending the officials,LATETS NEWS MALAYALAM,ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ നീക്കം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറങ്ങി](https://www.mediaoneonline.com/h-upload/2024/06/22/1430529-tppn.webp)
'ടി.പി വധക്കേസ് പ്രതികളെ വിട്ടയക്കില്ല'; വിശദീകരണവുമായി ജയിൽ മേധാവി
![](/images/authorplaceholder.jpg?type=1&v=2)
'സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാം'
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ.കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ ഇളവ് ഉണ്ടാകില്ല. സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാമെന്നും അന്വേഷണം നടത്തി ഉടൻ വ്യക്തത വരുത്തുമെന്നും ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ മീഡിയവണിനോട് പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷാ ഇളവ് നല്‍കാനായി പരിഗണിക്കുന്നവരുടെ പട്ടികയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ടി.കെ രജീഷ്, മുഹമ്മദ്ഷാഫി, സിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ടത്. 2022 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രതികളെ വിട്ടയക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജയില്‍ സൂപ്രണ്ട് നല്‍കിയ കത്തില്‍ പറയുന്നു. അതിനാല്‍ പ്രതികളുടെ ബന്ധുക്കള്‍, കുറ്റകൃത്യത്തിന് ഇരയായവര്‍ എന്നിവരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഈ മാസം 13ന് നല്‍കിയ കത്തിലെ ആവശ്യം. ശിക്ഷാ ഇളവ് ഇല്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ പറഞ്ഞു. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വില കൽപ്പിക്കുകയാണെന്നും കെ.കെ രമ മീഡിയവണിനോട് പറഞ്ഞു. പ്രതികള്‍ക്ക് ഈ മാസം പരോളും അനുവദിച്ചിരുന്നു. ജയില്‍ വകുപ്പിന്‍റെ നീക്കം സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.