Kerala
TP Chandrashekharan murder case
Kerala

ടി.പി വധക്കേസ്: ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കും ഇളവില്ലാതെ 20 വർഷം ജീവപര്യന്തം

Web Desk
|
27 Feb 2024 10:20 AM GMT

പുതുതായി പ്രതി ചേർക്കപ്പെട്ട കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല. ഒമ്പത് പ്രതികൾക്ക് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കുമാണ് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിൽ പുതുതായി പ്രതി ചേർക്കപ്പെട്ട കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു.

ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

കേസിൽ ഒമ്പത് പ്രതികൾക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷനും കെ.കെ രമ എം.എൽ.എയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വർഷങ്ങൾ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയിൽ റിപ്പോർട്ടിൽ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ടി.പി ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണ കോടതിയിൽ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതിൽ കൂടുതലായി പ്രോസിക്യൂഷൻ ഒന്നും അവതരിപ്പിച്ചിട്ടില്ല. അതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷയിലേക്ക് പോകരുതെന്നും പ്രതിഭാഗം ചൊവ്വാഴ്ച കോടതിയിൽ പറഞ്ഞിരുന്നു.

Similar Posts