പൊലീസിന്റെ കൈവിലങ്ങുമായി അക്രമിസംഘം; കാട്ടക്കടയിൽ വ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിലിട്ട് പൂട്ടി
|പൊലീസിന്റെ വിലങ്ങ് സംഘത്തിന് എങ്ങനെ കിട്ടി എന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ കാറിൽ സഞ്ചരിച്ച വ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിലങ്ങിട്ട് പൂട്ടി. മറ്റൊരു കാറിലെത്തിയ സംഘമാണ് വ്യാപാരിയെ ബലം പ്രയോഗിച്ച് പൂട്ടിയത്. കാട്ടാക്കട പോലീസെത്തി ഇയാളെ മോചിപ്പിച്ചു.
ശനിയാഴ്ച രാത്രി 10 മണിയോടെ പൂവച്ചൽ സ്‌കൂളിന് സമീപം ഫോർച്യൂണർ കാറിലെത്തിയ കാട്ടാക്കടയിലെ ഇലക്ട്രോണിക് സ്ഥാപന ഉടമയായ അൻസാരിയെയാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി വിലങ്ങണിയിച്ചത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അൻസാരിയെ സ്റ്റിയറിങ്ങിൽ ചേർത്തുവെച്ച് വിലങ്ങിട്ട് പൂട്ടിയ ശേഷം വന്നവർ മറുവശത്ത് കൂടി അകത്തുകയറി ഇയാളെ അകത്തേക്ക് വലിച്ചിട്ടു. ഇയാൾ ബഹളം വെച്ചത്തോടെയാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ വിവരം അറിയുന്നത്. ഇതോടെ കാർ പൂട്ടി മൂന്നംഗ സംഘം സംഭവസ്ഥലത്ത് നിന്ന് കടന്നു. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വ്യാപാരിയെ പൂട്ടിയ വിലങ്ങ് പോലീസിന്റെ ആണെന്ന സംശയത്തിൽ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ നിന്നെത്തിച്ച താക്കോൽ ഉപയോഗിച്ച് വിലങ്ങഴിക്കുകയായിരുന്നു. ശേഷം ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസിന്റെ വിലങ്ങ് സംഘത്തിന് എങ്ങനെ കിട്ടി എന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.