Kerala
trader who cheated car owner by giving fake spare parts should give Rs 15,000 as compensation
Kerala

വ്യാജ സ്പെയർ പാർട്സ് നൽകി കാറുടമയെ വഞ്ചിച്ച വ്യാപാരി 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Web Desk
|
1 Jun 2024 11:39 AM GMT

2023 ജനുവരിയിലാണ് രണ്ട് ഹെഡ്‌ലൈറ്റുകൾ എതിർകക്ഷിയിൽ നിന്നും പരാതിക്കാരൻ 5,600 രൂപയ്ക്ക് വാങ്ങിയത്.

കൊച്ചി: വാഹനത്തിന്റെ വ്യാജ ഹെഡ്‌ലൈറ്റുകൾ വിറ്റ് ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി ഒറിജിനൽ ഹെഡ്‌ലൈറ്റും 15,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്. എറണാകുളം മഴുവന്നൂർ സ്വദേശി വി.എസ് പ്രമോദൻ പെരുമ്പാവൂർ റൂട്ട്സ് ഓട്ടോ പാർട്ട്സ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.

മഹേന്ദ്ര ബൊലേറോ പിക്കപ്പ് വാനിന്റെ ഉടമയും ഡ്രൈവറും ആണ് പരാതിക്കാൻ. ഒർജിനൽ ആണെന്ന് വിശ്വസിപ്പിച്ച് നൽകിയ ഹെഡ്‌ലൈറ്റുകളിൽ വെള്ളം കയറിയതിനാൽ രാത്രി ഡ്രൈവിങ് അസാധ്യമായ സാഹചര്യത്തിലാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

2023 ജനുവരിയിലാണ് രണ്ട് ഹെഡ്‌ലൈറ്റുകൾ എതിർകക്ഷിയിൽ നിന്നും പരാതിക്കാരൻ 5,600 രൂപയ്ക്ക് വാങ്ങിയത്. മഹേന്ദ്രയുടെ ഒറിജിനൽ ഹെഡ്‌ലൈറ്റുകൾ ആണെന്നാണ് എതിർകക്ഷി പരാതിക്കാരനോട് പറഞ്ഞത്. ഹെഡ്‌ലൈറ്റിൽ വെള്ളം കയറി ഉപയോഗശൂന്യമായ സാഹചര്യത്തിൽ അത് മാറ്റി നൽകാൻ പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടും കടയുടമ തയാറായില്ല.

മറ്റൊരു വർക്ക്‌ഷോപ്പിൽ വാഹനം പരിശോധനയ്ക്കായി നൽകിയപ്പോഴാണ് ഹെഡ്‌ലൈറ്റുകൾ വ്യാജമാണെന്ന് പരാതിക്കാരന് മനസിലായത്. വ്യാജ ഹെഡ്‌ലൈറ്റ് നൽകി പരാതിക്കാരനെ കബളിപ്പിച്ച എതിർകക്ഷിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നം വിൽക്കുകയും അത് മാറ്റി നൽകാൻ തയാറാവാതിരിക്കുകയും ചെയ്ത എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരാതിക്കാരന് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്ന് ഡി. ബിബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Similar Posts