കോഴിക്കോട് പാളയത്ത് വ്യാപാരികളുടെ ഹർത്താൽ
|മുന്നറിയിപ്പില്ലാതെ കെട്ടിട ഉടമകൾ കടമുറികൾ പൊളിച്ചു മാറ്റിയതിനെതിരെയാണ് പ്രതിഷേധം
കോഴിക്കോട്: മേലെ പാളയത്ത് വ്യാപാരികളുടെ ഹർത്താൽ. മുന്നറിയിപ്പില്ലാതെ കെട്ടിട ഉടമകൾ കടമുറികൾ പൊളിച്ചുമാറ്റിയതിനെതിരെയാണ് പ്രതിഷേധം. ബൈരാഗി മഠത്തിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന കടമുറികളാണ് മഠം അധികൃതർ പൊളിച്ചത്. മേലേ പാളയത്തെ 9 സ്വർണ്ണക്കടകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മേൽകൂരയാണ് കെട്ടിട ഉടമകളായ ബൈരാഗി മഠം അധികൃതർ മുന്നറിയിപ്പില്ലാതെ പൊളിച്ചു മാറ്റിയത്. ഹൈക്കോടതിയിൽ സ്റ്റേ നിലനിൽക്കുന്ന സാഹചര്യത്തിൽ കടമുറികൾ പൊളിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സ്വർണ്ണ വെള്ളി വ്യാപാരികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. അനുകൂല നടപടി ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കോടതി ഉത്തരവ് ലംഘിച്ച ബൈരാഗിമഠം അധികൃതരുടെ നീക്കത്തിൽ ശക്തമായ നടപടി വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം കടമുറികളുടെ മേൽ ഭാഗത്ത് തൽക്കാലത്തേക്ക് ഷീറ്റ് വിരിച്ചിട്ടുണ്ട്.
Traders' harthal at Kozhikode Palayam