Kerala
Traffic control at Thamarassery Churam
Kerala

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അവധി ദിനങ്ങളിൽ വൈകിട്ട് 3 മുതൽ 9 വരെ വലിയ വാഹനങ്ങൾ അനുവദിക്കില്ല

Web Desk
|
28 Oct 2023 5:10 PM GMT

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കലക്ടർ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തിൽ അവധി ദിനങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിറക്കി. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിനങ്ങൾ, രണ്ടാംശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ചകൾ എന്നീ ദിവസങ്ങളിൽ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം.

ഈ ദിവസങ്ങളിൽ 6 വീലിൽ കൂടുതലുള്ള ടിപ്പറുകൾ, 10 വീലിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ട്രക്കുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ ചുരത്തിലൂടെ കടന്ന് പോകാൻ അനുവദിക്കില്ല. തിങ്കളാഴ്ച രാവിലെ 6 മുതൽ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ടാകും. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ചുരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റർമാർ, വാഹന അറ്റകുറ്റപ്പണി വിദഗ്ധർ തുടങ്ങിയവരുടെ സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഒരു എമർജൻസി സംവിധാനം ഏർപ്പെടുത്താൻ താമരശ്ശേരി പോലീസിന് നിർദ്ദേശം നൽകി.

Similar Posts