'ഒരു വിധത്തിലും പ്രതീക്ഷിക്കാത്ത ദുരന്തം; വയനാടിനെ പുനർനിർമിക്കണം': മുഖ്യമന്ത്രി
|അതിനായി നടത്തുന്ന പ്രവർത്തനം ചെറുതാവില്ലെന്നും പിണറായി വിജയൻ
തിരുവനന്തപുരം: ഉരുൾദുരന്തത്തിൽ തകർന്നുപോയ വയനാടിനെ പുനർനിർമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മീഡിയാവൺ പ്രത്യേക പരിപാടി 'പ്രിയ നാടിനൊപ്പ'ത്തിൽ പറഞ്ഞു. വയനാട് ദുരന്തം മനസ്സിന്റെ മാറാത്ത ആധിയാണെന്ന് പറഞ്ഞ അദ്ദേഹം മാഞ്ഞുപോയ പ്രദേശം പുനഃസ്ഥാപിക്കണമെന്നും അതിനായി നടത്തുന്ന പ്രവർത്തനം ചെറുതാവില്ലെന്നും കൂട്ടിച്ചേർത്തു.
'ഇതിനായി നീക്കിവെക്കുന്ന ഒരു തുകയും നിസ്സാരമല്ല, അധികവുമല്ല, ഒരു വിധത്തിലും പ്രതീക്ഷിക്കാത്ത ദുരന്തമാണ് ഉണ്ടായത്, പക്ഷെ കേരളം ഒറ്റക്കെട്ടായി വയനാടിനൊപ്പം നിന്നു, സേനകൾ ഇമ ചിമ്മാതെ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടത്തി, വയനാടിനെ പുനർഃനിർമിക്കണം'. മുഖ്യമന്ത്രി പറഞ്ഞു. എല്ലാം തകർന്ന കുടുംബങ്ങൾക്ക് ജീവിതം ഏർപ്പാടാക്കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും മുതിർന്നവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എല്ലാം നഷ്ടപ്പെട്ട യുവാക്കൾക്ക് തൊഴിൽ നൽകണമെന്നും പറഞ്ഞ അദ്ദേഹം ജീവകാരുണ്യമുള്ള മനസ്സ് നമുക്കെല്ലാവർക്കുമുണ്ടെന്നും പറഞ്ഞു. രക്ഷാപ്രവർത്തനരംഗത്ത് അകമഴിഞ്ഞ സേവനം കാഴ്ചവെച്ച ഒരോ സേനാവിഭാഗത്തേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇതിലും വലിയ ദുരന്തങ്ങളെ അതിജീവിച്ചവരാണ് മലയാളികളെന്നും ഇതും നമ്മൾ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനെ പുനർനിർമിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോകത്തിന്റെ വിവധഭാഗങ്ങളിൽ നിന്ന് സംഭാവനകൾ ലഭിക്കുന്നുണ്ടെന്നും സ്വകാര്യ വ്യക്തികളും, സംഘടനകളും, സ്ഥാപനങ്ങളും സ്വന്തം നിലയ്ക്കും സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.