ട്രെയിൻ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തി
|പ്രതിയുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ആക്രമണത്തിന്റെ സ്വഭാവം പരിഗണിച്ചാണ് പ്രതിക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നത്.
നേരത്തെ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തിരുന്നെങ്കിലും യു.എ.പി.എ പൊലീസ് ചുമത്തിയിരുന്നില്ല. യു.എ.പി.എയുടെ ഏത് വകുപ്പാണ് ചുമത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. തീവ്രവാദ ബന്ധം സ്ഥിരീകരിക്കാതെ തന്നെ യു.എ.പി.എ ചുമത്താം. തീവ്രവാദ ബന്ധം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഡൽഹിയിൽ ചില ആളുകളെയുൾപ്പെടെ ചോദ്യം ചെയ്യുകയും ട്രെയിനിൽ പ്രതിയെ കണ്ട ചിലർ ഷാരൂഖ് സെയ്ഫിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ പോലീസിന് പല നിർണായക വിവരങ്ങളും ലഭിച്ചതായാണ് വിവരം.
പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിൽ ഷാരൂഖ് സെയ്ഫിയെ എത്തിച്ച് തെളിവെടുത്തിരുന്നു. രണ്ട് കന്നാസുകളിലായി നാല് ലിറ്റർ പെട്രോൾ വാങ്ങിയതെന്നാണ് ഷാരൂഖ് സെയ്ഫി മൊഴി നൽകിയത്. പമ്പിലെ മാനേജറുടെ ക്യാബിനിലെത്തിച്ച് അവരുടെയടക്കം മൊഴിയെടുക്കുകയും ജീവനക്കാരെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡുൾപ്പെടെ നടത്തുകയും ചെയ്തു. സംഭവം നടന്ന ഏപ്രിൽ രണ്ടിന് പുലർച്ചെ അഞ്ച് മണിക്കാണ് ഷാരൂഖ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. പിന്നീട് വൈകീട്ട് പെട്രോൾ പമ്പിലെത്തി ഇന്ധനം വാങ്ങി. ഈ ദിവസം 15 മണിക്കൂറോളം സെയ്ഫി ഷോർണൂരിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനിടയ്ക്ക് ഇയാൾ ആരെയെങ്കിലും കണ്ടോ, ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
തുടർന്നാണ് ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യുട്ടീവ് എക്സ്പ്രസിൽ കയറിയതും വഴിമധ്യേ യാത്രികർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയും ചെയ്തത്. കേസിലെ ഏറ്റവും നിർണായക തെളിവെടുപ്പാണ് ഷോർണൂരിൽ നടന്നത്. പ്രതിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്നും വൻ സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇയാളുമായുള്ള യാത്ര. ഷാരൂഖ് സെയ്ഫിക്കയായി ഡിഫൻസ് കൗൺസിൽ നൽകിയ ജാമ്യ അപേക്ഷ 18ന് കോടതി പരിഗണിക്കും.