ട്രെയിനിൽ മയക്കുമരുന്ന് നൽകി മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍
|യാത്രക്കാർക്ക് മയക്കുമരുന്ന് കലർത്തിയ ബിസ്കറ്റ് നൽകിയായിരുന്നു പ്രതികളുടെ മോഷണം.
ട്രെയിനിൽ മയക്കുമരുന്ന് നൽകി മോഷണം നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ബിഹാർ സ്വദേശികളായ രണ്ട് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാർക്ക് മയക്കുമരുന്ന് കലർത്തിയ ബിസ്കറ്റ് നൽകിയായിരുന്നു പ്രതികളുടെ മോഷണം.
ആഗസ്ത് 17ന് അറസ്റ്റിലായ പ്രതിയിൽ നിന്നാണ് ട്രെയിൻ മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ മയക്കുമരുന്ന് കലർത്തിയ ബിസ്ക്കറ്റ് നൽകി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. തിരുവനന്തപുരത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും യാത്ര ആരംഭിച്ച ട്രെയിനുകളിൽ കയറി ആറ് മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ആദ്യം അറസ്റ്റിലായ ബിഹാർ സ്വദേശി ശത്രുദൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാർ ബത്തിയ സ്വദേശി ചുമ്മൻ കുമാറും പൊലീസിന്റെ വലയിലാകുന്നത്.
മുഖ്യപ്രതി ബിഹാർ മച്ചർ ഗാവ് സ്വദേശി സാഹിബ് ഷായ്ക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവെ പൊലീസും ആർപിഎഫ് തിരുവനന്തപുരം ഇന്‍റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.