ഭിക്ഷ തേടിയിട്ട് ഒന്നും കിട്ടിയില്ല, മാനസിക സംഘർഷം മൂലം ട്രെയിന് തീയിട്ടു; ഐജി നീരജ് കുമാർ
|മാനസിക അസ്വസ്ഥകൾ തന്നെയാണ് കാരണമെന്നും മറ്റൊരു ഇടപെടൽ കേസിൽ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീവെച്ചത് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി പ്രസൂൺ ജിത്ത് സിങ് സിഗ്ദർ എന്ന് ഉത്തരമേഖലാ ഐജി നീരജ് കുമാർ ഗുപ്ത. മൂന്ന് ദിവസം മുൻപാണ് ഇയാൾ തലശേരിയിൽ എത്തിയത്. പ്രതി മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നും പൊലീസ് പറഞ്ഞു.
"പ്രതിക്കെതിരെ അന്വേഷണത്തിൽ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്നയാളാണ് പ്രസൂൺ ജിത്ത്. നാടുചുറ്റി നടക്കുന്ന സ്വഭാവമായിരുന്നു ഇയാൾക്ക്. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലടക്കം ഒരുപാട് ഹോട്ടലുകളിൽ വെയ്റ്ററായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. രണ്ടുവർഷങ്ങൾക്ക് മുൻപ് ചെയ്തുകൊണ്ടിരുന്ന ജോലിയെല്ലാം ഉപേക്ഷിച്ച് ഇയാൾ ഭിക്ഷാടനത്തിനിറങ്ങുകയായിരുന്നു. ഭിക്ഷ യാചിച്ച് കിട്ടിയിരുന്ന പണം കൊണ്ടാണ് ഇയാൾ ജീവിച്ചിരുന്നത്.
എന്നാൽ, തലശേരിയിൽ എത്തിയ ശേഷം ഭിക്ഷാടനത്തിൽ നിന്ന് കാര്യമായൊന്നും പ്രസൂണിന് കിട്ടിയിരുന്നില്ല. അതിനാൽ മാനസിക സംഘർഷം ഇയാൾ അനുഭവിക്കുന്നുണ്ടായിരുന്നു. തുടർന്ന് കണ്ണൂരിലെത്തിയ ഇയാൾ മാനസിക സംഘർഷം മൂലം ട്രെയിന് തീവെക്കുകയായിരുന്നു"; ഐജി പറഞ്ഞു.
പ്രതിയുടെ അറസ്റ്റ് ഉടൻ തന്നെയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. മാനസിക അസ്വസ്ഥകൾ തന്നെയാണ് കാരണമെന്നും മറ്റൊരു ഇടപെടൽ കേസിൽ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ഐജി വിളിച്ചുചേർത്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, കണ്ണൂർ സിറ്റി എസിപി, കേസന്വേഷിക്കുന്ന രണ്ട് സിഐമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ശാസ്ത്രീയമായ തെളിവുകളും ഫോറൻസിക് വിരലടയാള വിദഗ്ധർ നൽകിയ റിപ്പോർട്ടുകളും ഉദ്യോഗസ്ഥർ ഐജിക്ക് മുന്നിൽ ഹാജരാക്കി. തുടർന്നാണ് പ്രസൂൺ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചതെന്ന് ഐജി വ്യക്തമാക്കി.
അതേസമയം, തീവെപ്പ് കേസ് ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെ രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.