ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് ട്രാൻസ് യുവതി
|അന്ന രാജു എന്ന യുവതിയാണ് ഇന്ന് പുലർച്ചെ മരത്തിൽ കയറി ഭീഷണി മുഴക്കിയത്
ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ച് ട്രാൻസ് യുവതി. ഇതര സംസ്ഥാനക്കാരായ ട്രാൻസ്‍ജൻഡേഴ്സ് ആക്രമിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു ഭീഷണി. അഞ്ച് മണിക്കൂറോളം മരത്തിൽ തന്നെയിരുന്ന യുവതിയെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്.
അന്ന രാജു എന്ന യുവതിയാണ് ഇന്ന് പുലർച്ചെ മരത്തിൽ കയറി ഭീഷണി മുഴക്കിയത്. ഇതരസംസ്ഥാനക്കാരായ ട്രാൻസ്‌ജെൻഡേഴ്‌സുമായുണ്ടായ പ്രശ്‌നത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല എന്നാണ് അന്നയുടെ പരാതി. കേസ് എടുത്താൽ മാത്രമേ താഴെയിറങ്ങൂ എന്നാണ് യുവതി അറിയിച്ചിരുന്നത്. പരാതിയിൽ കേസെടുക്കാമെന്ന് ഉറപ്പ് നൽകി പൊലീസ് താഴെയിറക്കുകയായിരുന്നു.
മരത്തിൽ നിന്നിറക്കിയതിന് പിന്നാലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രാൻസ്‌ജെൻഡറുകൾ തമ്മിൽ വഴക്ക് സ്ഥിരമാണെന്നാണ് വിവരം.ഇത്തരത്തിലുണ്ടായ തർക്കത്തിൽ നടപടി ആവശ്യപ്പെട്ടാണ് അന്ന പൊലീസിനെ സമീപിച്ചത്.