നടിയെ ആക്രമിച്ച കേസ്: ക്രൈം മേധാവി ശ്രീജിത്തിനെ മാറ്റിയത് നിരാശജനകം: ആനി രാജ
|നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പോലും കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ
നടിയെ ആക്രമിച്ച കേസിൽ ക്രൈം മേധാവി എസ്. ശ്രീജിത്തിനെ മാറ്റിയ നടപടി നിരാശജനകമാണെന്ന് സിപിഐ നേതാവ് ആനി രാജ. നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പോലും കേസ് ഗൗരവമായി കാണുന്നില്ലെന്നും അവർ പറഞ്ഞു. ക്രൈംബ്രാഞ്ച്, വിജിലൻസ് മേധാവികളെ മാറ്റി പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി നടന്നിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ നിർണായക ഘട്ടത്തിലാണ് എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് ഗതാഗത കമ്മീഷണറായി മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനും ദിലീപിനെതിരായ നടപടികൾക്കും ചുക്കാൻ പിടിച്ചിരുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തായിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ പൊലീസിൽ നിന്ന് തന്നെ മാറ്റി ഗതാഗത കമ്മീഷണറാക്കുന്നത്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ നടത്തിയ നീക്കങ്ങളിലും കോടതിയിൽ നിന്നുണ്ടാകുന്ന വിമർശനങ്ങളിലും സർക്കാരിനുള്ള അതൃപ്തിയാണ് ശ്രീജിത്തിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം മാത്രം ശേഷിക്കേയുള്ള സ്ഥാനമാറ്റം അന്വേഷണത്തെ ബാധിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം മേയ് 30 നകം അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. അന്വേഷണം തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ പ്രതികളെയും സാക്ഷികളെയും ഉൾപ്പെടെ നൂറിലേറെ പേരെയാണ് രണ്ടു കേസുകളിലും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു രണ്ട് അന്വേഷണ സംഘങ്ങളുടെയും നീക്കങ്ങൾ.
കേസുകളുടെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയെ നീക്കിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ അടക്കം ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. പുതിയ നോട്ടീസ് നൽകാനുള്ള നിർണായക തീരുമാനമെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനം സംഭവിച്ചത്. വധഗൂഢാലോചന കേസിൽ പ്രതിഭാഗത്തെ പ്രതിരോധത്തിലാക്കുന്ന നിർണായക രേഖകൾ കോടതിയിൽ എത്തിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നു. ഈ കേസിനെയും ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാനമാറ്റം ബാധിക്കാനാണ് സാധ്യത. ഷെയ്ഖ് ദർബേഷ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി.
പൊലീസിലെ അഴിച്ചുപണി; നടപടി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റതിന് പിന്നാലെ
പൊലീസ് തലപ്പത്തെ അഴിച്ചുപണി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശി എത്തിയതിന് പിന്നാലെ. എസ്.ശ്രീജിത്തിന് പകരം എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയാകും.സുദേഷ്കുമാറിന് പകരം എം.ആർ അജിത്കുമാർ വിജിലൻസ് മേധാവിയാകും. വിജിലൻസ് ഡയറക്ടറായ സുദേഷ്കുമാറിനെതിരെ അഴിമതിയടക്കം പല ആരോപണങ്ങളും ഉയർന്നിരുന്നു. പൊലീസ് മേധാവി സ്ഥാനത്തെക്ക് പരിഗണിക്കാതിരുന്ന ശേഷം സർക്കാർ തീരുമാനങ്ങൾ ലംഘിക്കുന്നതായും ആക്ഷേപമുണ്ട്. ടോമിൻ തച്ചങ്കരിയുമായി തുടരുന്ന പോരും മാറ്റത്തിന് കാരണമായി വിലയിരുത്തുന്നു.
സുദേഷ് കുമാർ ജയിൽ മേധാവിയാകുമ്പോൾ ഗതാഗത കമ്മീഷണറായിരുന്ന എം.ആർ അജിത് കുമാറാണ് പുതിയ വിജിലൻസ് മേധാവി. പൊലീസിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശി വന്ന ശേഷം എടുത്ത ആദ്യ തീരുമാനമാണിത്. പി.ശശി നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെയും സി.പി.എം സമ്മേളനങ്ങളിലെ വിമർശനങ്ങൾ മറികടക്കാനുള്ള നീക്കമായാണ് തലപ്പത്തെ മാറ്റങ്ങൾ വിലയിരുത്തുന്നത്. ക്രമസമാധാന ചുമതലകളിലടക്കം മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്.
Transfer of crime Branch chief Sreejith is disappointing: Annie Raja