സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ജി. സ്പർജൻ കുമാർ തിരു. സിറ്റി പൊലീസ് കമ്മീഷണർ
|നാഗരാജുവിനെ കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായി നിയമിച്ചു. ഏഴ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. സി.എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. ദക്ഷിണമേഖലാ ഐ.ജി ജി. സ്പർജൻ കുമാർ പുതിയ സിറ്റി പൊലീസ് കമ്മീഷണറാകും.
ഇത് രണ്ടാം തവണയാണ് സ്പർജൻ കുമാർ സിറ്റി പൊലീസ് കമീഷണറാകുന്നത്. നാഗരാജുവിനെ കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായി നിയമിച്ചു.
കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായിരുന്ന സഞ്ജീവ് കുമാർ പട്ജോഷിയെ മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ വിഭാഗം ഡിജിപിയായി നിയമിച്ചു. പഠനാവധിയിലുണ്ടായിരുന്ന സതീഷ് ബിനോയെ അഡ്മിനിസ്ട്രേഷൻ വിഭാഗം ഡി.ഐ.ജിയായി നിയമിച്ചു.
കോഴിക്കോട് ക്രൈംസ് വിഭാഗം ഐ.ജിയായി പി. പ്രകാശിനെ നിയമിച്ചിട്ടുണ്ട്. മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ ഐ.ജിയായിരുന്നു ഇദ്ദേഹം. പൂര വിവാദവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട മുൻ തൃശൂർ കമ്മീഷണർ അങ്കിത് അശോകനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ സാങ്കേതിക വിഭാഗം എസ്.പിയായി നിയമിച്ചു.
ചുമതലയിൽ നിന്ന് മാറ്റിയ ശേഷം അദ്ദേഹത്തിന് പുതിയ ചുമതല നൽകിയിരുന്നില്ല. സി. ബാസ്റ്റിൻ ബാബുവിനെ വനിതാ ശിശു സെൽ എ.ഐ.ജിയായും നിയമിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ അന്വേഷണ വിഭാഗം ഡി.ജി.പി എന്ന പുതിയ തസ്തിക സൃഷ്ടിച്ചതിന്റെ ഭാഗമായാണ് സ്ഥലംമാറ്റങ്ങൾ എന്നാണ് വിശദീകരണം.