ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്‍റെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും
|മരണത്തിൽ ആരോപണമുയർന്ന പശ്ചാത്തലത്തിൽ വിദഗ്ധ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്
കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്‍റെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും. മരണത്തിൽ ആരോപണമുയർന്ന പശ്ചാത്തലത്തിൽ വിദഗ്ധ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.വിഷയത്തിൽ ആരോഗ്യവകുപ്പിന്‍റെ അന്വേഷണവും ഉടൻ ആരംഭിക്കും.
അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പോസ്റ്റ്മോർട്ടം നടത്താൻ സർക്കാർ നിർദേശിച്ചത്.കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെയാണ് പോസ്റ്റ്മോർട്ടം. ഫോറൻസിക് വിഭാഗം മേധാവി നിർദ്ദേശിക്കുന്ന വിദഗ്ധ സംഘം ഇൻക്വസ്റ്റ് നടപടികളും പിന്നീട് പോസ്റ്റ്മോർട്ടവും നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തുടർ നടപടികളിലേക്ക് ആരോഗ്യ വകുപ്പും പോലീസും കടക്കുക. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടും. ആരോപണ വിധേയനായ ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അനന്യയുടെ മൃതദേഹം വൈകീട്ട് 4 മണിയ്ക്ക് പെരുമൺ മുണ്ടയ്ക്കൽ സെന്‍റ്. ജോസഫ് ദേവാലയത്തിൽ സംസ്കരിക്കും. ആലുവയിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം.