സർക്കാർ മുട്ടുമടക്കില്ല, ക്യാമറയും സീറ്റ്‌ബെൽറ്റും നിർബന്ധം; സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി
|''സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എ.ഐ ക്യാമറ സ്ഥാപിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണ്''
തിരുവനന്തപുരം: ബസ് സമരം അനാവശ്യമാണെന്നും ഗവൺമെന്റ് സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എ.ഐ ക്യാമറ സ്ഥാപിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് ക്യാമറ ഘടിപ്പിക്കുന്നതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണ്. ക്യാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്- മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.