'റിവേഴ്‌സ് പാർക്കിങ്, വാഹനത്തിൽ കാമറ'; ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുമെന്ന് ഗതാഗത മന്ത്രി
|ലൈസൻസുകളുടെ എണ്ണം വളരെ കുറയ്ക്കും. എളുപ്പത്തിൽ ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥർ സ്ഥാനത്തുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് ഇനി മുതൽ കർശനമാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ. എച്ച് എടുത്ത് കാണിച്ചതുകൊണ്ട് കാര്യമില്ല. പാർക്കിങ്, റിവേഴ്‌സ് ഗിയറിലുള്ള പാർക്കിങ്, കയറ്റത്തിൽ നിർത്തി ഇറക്കുന്നത് എല്ലാം ചെയ്തു കാണിച്ചാൽ മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. ലൈസൻസുകളുടെ എണ്ണം കുറയ്ക്കും. ദിവസം 500 ലൈസൻസ് കൊടുത്ത് ഗിന്നസ് ബുക്കിൽ കയറാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ ഡ്രൈവിങ് ടെസ്റ്റിനിടെ മോശമായി പെരുമാറുന്നുവെന്ന പരാതിയുണ്ട്. ഇത് തടയാൻ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ കാമറ സ്ഥാപിക്കും. വ്യാപകമായി ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥർ ആ സ്ഥാനത്തുണ്ടാവില്ല. വളരെ കുറച്ച് ലൈസൻസ് മാത്രമേ കൊടുക്കുകയൂള്ളൂ. ലൈസൻസ് എടുത്തിട്ടും വണ്ടിയോടിക്കാനറിയാത്ത നിരവധിപേരുണ്ട്. ലൈസൻസ് ടെസ്റ്റ് എളുപ്പത്തിൽ പാസാവുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഗണേഷ്‌കുമാർ പറഞ്ഞു.