കെ.എസ്.ആര്.ടി.സി ജൂലൈയിലെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി
|സുശീൽ ഖന്ന റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ നടപ്പാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച യൂണിയനുകളുമായി ചർച്ച നടത്തും. തൊഴിൽ മന്ത്രിയും ചർച്ചയിൽ പങ്കെടുക്കും. സുശീൽ ഖന്ന റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ നടപ്പാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെ.എസ്.ആര്.ടി.സിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ബുധനാഴ്ച യോഗം വിളിച്ചിരിക്കുന്നത്. ആഗസ്ത് 10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതിൽ കെ.എസ്.ആര്.ടി.സി സി.എം.ഡിയെ ഹൈക്കോടതി വിമർശിച്ചിരുന്നു.
ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെ.എസ്.ആര്.ടി.സി നിർത്തി.