ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കുമെന്ന് ഗതാഗത സെക്രട്ടറി; ടൂറിസ്റ്റ് ബസ്സുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി
|ഇന്നലെ അപകടത്തിൽ പെട്ട വാഹനത്തിന് രാത്രി 2 തവണ അപകട സൂചന നൽകിയിരുന്നതായി മന്ത്രി ആന്‍റണി രാജു
തിരുവനന്തപുരം: ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറിയുടെ നിര്‍ദേശം. സ്കൂൾ, കോളജ് ടൂറുകൾക്ക് ഇത്തരത്തില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനങ്ങളില്‍ യാത്ര അനുവദിക്കില്ലെന്നും ഗതാഗത സെക്രട്ടറി അറിയിച്ചു. ബസുകളുടെയും ഡ്രൈവർമാരുടെയും മുൻകാല പശ്ചാത്തലം പരിശോധിക്കാനും നിര്‍ദേശമുണ്ട്.
അതെ സമയം വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാൻ കര്‍ശന നിർദേശം നൽകിയെന്ന് ഗതാഗത മന്ത്രി അറിയിച്ചു. രണ്ടാഴ്ചക്കകം പരിശോധന പൂർത്തിയാക്കുമെന്നും പരമാവധി വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുമെന്നും ആന്‍റണി രാജു വ്യക്തമാക്കി. ബ്ലാക്ക് ലിസ്റ്റ് ചെയ്ത് നടപടി തുടരാനാണ് തീരുമാനം. ഇന്നലെ അപകടത്തിൽ പെട്ട വാഹനത്തിന് രാത്രി 2 തവണ അപകട സൂചന നൽകിയിരുന്നതായും വാഹന ഉടമയ്ക്കെതിരെ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ അപകടത്തിൽപെട്ട വാഹനത്തിന്‍റെ വേഗത 97.2 കിലോമീറ്റര്‍ ആണെന്ന് കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. സ്പീഡ് ഗവർണർ പരിശോധനയ്ക്ക് ശേഷം സ്പീഡ് ഗവർണർ അഴിച്ചു വെക്കുന്ന പ്രവണതയുണ്ടെന്നും ഇതിൽ ഡീലർമാർക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.