കുട്ടികളുമായി ട്രിപ്പിൾ യാത്ര; തീരുമാനം കേന്ദ്രത്തിന്റേത്, മറുപടി ലഭിക്കുംവരെ പിഴ ഈടാക്കില്ല
|രണ്ടുയാത്രക്കാരോടൊപ്പം ഒരു കുട്ടിക്ക് കൂടി യാത്രാനുമതി നൽകാൻ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം
തിരുവനന്തപുരം: 12 വയസിന് താഴെയുള്ള കുട്ടിയുമായി ട്രിപ്പിൾ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി. കുട്ടികളുമായുള്ള യാത്രയിൽ ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. കേന്ദ്ര തീരുമാനം ഉണ്ടാകുന്നത് വരെ ജനങ്ങളിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് മന്ത്രി അറിയിച്ചു.
എഐ ക്യാമറ വിഷയത്തിൽ കമ്മിറ്റി ചേർന്ന് പരിശോധന നടത്തി വരികയാണ്. സമഗ്രമായ കരാർ ഏർപ്പെടുന്നത് സംബന്ധിച്ചുള്ള തീരുമാനമാണ് കാബിനറ്റ് എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചാം തീയതിക്ക് മുൻപ് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സമഗ്രമായ കരാർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്നിക്കൽ കമ്മിറ്റിയുടെ പരിശോധന ആവശ്യമെങ്കിൽ അഞ്ചാം തീയതിക്ക് മുൻപ് തന്നെ അത് പൂർത്തിയാക്കും.
രണ്ടുയാത്രക്കാരോടൊപ്പം പന്ത്രണ്ട് വയസിന് താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്രാനുമതി നൽകാൻ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ മറുപടി ലഭിക്കുന്നത് വരെ പിഴ ഈടാക്കില്ലെന്നാണ് തീരുമാനം. പൊതുവികാരത്തെ സർക്കാർ മാനിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിഷയം കേന്ദ്ര ഗവണ്മെന്റിനെ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടിക്ക് യാത്രചെയ്യാൻ അനുമതി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പിഴ ഈടാക്കുമെന്നുള്ള ആവശ്യം ഉന്നയിച്ച ഘട്ടത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഈ ഘട്ടത്തിൽ വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടിയാണ് സർക്കാർ കത്തയച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കുട്ടികളുടെ യാത്ര സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്നായിരുന്നു പൊതുവെ ഉയർന്ന ആവശ്യം. ഒരു ഘട്ടത്തിൽ ജനങ്ങളുടെ ആവശ്യത്തെ അനുകൂലിച്ച് സർക്കാരും രംഗത്തെത്തിയിരുന്നു. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ഗതാഗതമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് സർക്കാരിന്റെ അടിയന്തര നടപടി.