കേരളത്തില്‍ ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം
|ജൂലൈ 31 അർദ്ധരാത്രി വരെയാണ് നിരോധനം
കൊല്ലം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 അർദ്ധരാത്രി വരെയാണ് നിരോധനം. ജൂൺ- ജൂലൈ മാസത്തെ ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധനത്തിനാണ് ഇന്ന് അർദ്ധരാത്രി തുടക്കമാകുന്നത്. ദിവസങ്ങളായി കടലിലായിരുന്ന വലിയ ബോട്ടുകൾ ഇന്നലെ മുതൽ തിരികെ വന്നുതുടങ്ങി. ഇതര സംസ്ഥാന ബോട്ടുകൾ ഉടൻ സംസ്ഥാനത്തെ തീരം വിടും. പരമ്പരാഗത മത്സ്യത്തൊഴിലാളി വള്ളങ്ങൾക്ക് മാത്രമാകും കടലിൽ പോകുന്നതിന് അനുമതി.
സംസ്ഥാനത്തെ 4,000ത്തോളം യന്ത്രവൽകൃത ബോട്ടുകളില്‍ 1200ഓളം കൊല്ലത്തെ തുറമുഖങ്ങളിലാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ട്രോളിങ് നിരോധനം വേണ്ടത്ര പഠനം നടത്താതെ തുടരുന്നതില്‍ ബോട്ട് ഉടമകൾക്ക് എതിർപ്പുണ്ട്.
വിഴിഞ്ഞം, നീണ്ടകര, അഴീക്കൽ, മുനമ്പം ഉൾപ്പെടെയുള്ള ഹാർബറുകളിൽ ട്രോളിങ് നിരോധനത്തിനു മുൻപേ തന്നെ ബോട്ടുകൾ കരയിലേക്ക് മടങ്ങിയെത്തി. മീൻ ലഭ്യത കുറവായതാണ് കാരണം. ഇനിയുള്ള ദിവസങ്ങൾ ബോട്ടുകൾ അറ്റകുറ്റപ്പണിക്കും പെയിന്‍റിങ്ങിനുമായി മാറ്റിവയ്ക്കും. വലകളുടെ അറ്റകുറ്റപ്പണി മത്സ്യത്തൊഴിലാളികൾ ആരംഭിച്ചു. വറുതി മാറി മീൻ ചാകരയ്ക്കുള്ള കാത്തിരിപ്പിലായിരിക്കും ഇനി തീരവും തീരദേശവാസികളും.