25 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം; കത്ത് പുറത്ത്
|സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ്
തിരുവനന്തപുരം: ട്രഷറിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധന അഡീഷനൽ ചീഫ് സെക്രട്ടറി ട്രഷറി ഡയരക്ടർക്ക് എഴുതിയ കത്ത് പുറത്തായി.
ഇതാദ്യമായാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചൊവ്വാഴ്ച വരെ ദൈനംദിന ചെലവിന് അനുമതിയുണ്ടായിരുന്ന ഒരു കോടി രൂപയാണ് 25 ലക്ഷമായി വെട്ടിക്കുറച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇത് വെട്ടിച്ചുരുക്കിയത്. ഇന്നലെ ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ്(ബിംസ്) സോഫ്റ്റ്‌വെയറിൽ ബിൽപരിധി കുറച്ചിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണ് പുതിയ നിയന്ത്രണമെന്നാണ് കരുതപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കുമെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സാമ്പത്തിക വർഷത്തിലെ ആദ്യ മാസത്തിലെ ഈ നിയന്ത്രണം.
ബിംസ് സോഫ്റ്റ്‌വെയർ വഴിയാണ് ട്രഷറിയിലേക്ക് ബിൽ സമർപ്പിക്കുന്നത്. വിവിധ വകുപ്പുകളിലെ ഡ്രായിങ് ആൻഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസർമാർ(ഡി.ഡി.ഒ) തങ്ങളുടെ വകുപ്പുകളിലെ ബില്ലുകൾ ബിംസിൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പരിധി 25 ലക്ഷമാക്കി കുറച്ചത് ശ്രദ്ധയിൽപെട്ടത്. പരിധിക്കു മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. അടുത്ത മാസം പത്തുവരെ നിയന്ത്രണം തുടരുമെന്നാണ് അറിയുന്നത്.
Summary: Treasury control for bills over Rs 25 lakh. The letter written by the Additional Chief Secretary of Finance to the Director of Treasury has been released