കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്: ട്രഷറി ഡയറക്ടറുടെ ഉത്തരവ്
|നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ സര്‍ക്കുലര്‍.
സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ സര്‍ക്കുലര്‍.
"കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരില്‍ നിന്നും ആദായനികുതി ഈടാക്കാനുള്ള ബഹുമാനപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ പല മതാധിഷ്ഠിത സഭകളില്‍ നിന്നും ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന് സമര്‍പ്പിച്ചിരുന്നു. അതിന്‍പ്രകാരം ബഹുമാനപ്പെട്ട സുപ്രീംകോടതി ഹൈക്കോടതി വിധിയിന്മേല് സ്റ്റാറ്റസ് ക്വോ നിലനിര്‍ത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരുടെ ശമ്പളം, പെന്ഷന് എന്നീ വരുമാനങ്ങളില്‍ നിന്ന് ആദായ നികുതി ഈടാക്കേണ്ടതില്ല എന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു"- എന്നാണ് ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നത്.
ഭരണഘടനയുടെ 25ആം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടിഡിഎസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി പിടിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ചായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്.
സന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അതിനാല്‍ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നീക്കമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.