വടകരയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു, ഓമശ്ശേരിയിൽ കാർ തൂണിലിടിച്ചു, മഴക്കെടുതി തുടരുന്നു
|കണ്ണൂരിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വിവിധിയടങ്ങളിൽ മഴക്കെടുതി തുടരുന്നു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വീണ്ടും അപകടമുണ്ടായി. ഓമശ്ശേരി പൊയിലിൽ കാർ തൂണിലിടിച്ചു മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഈ റോഡിൽ മെല്ലെ പോയാലും ബ്രേക്ക് ചെയ്താൽ നിൽക്കില്ലെന്ന പരാതിയുണ്ട്. ദിവസേന ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്. അശാസ്ത്രീയ നിർമാണമാണ് ഇതിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, വടകര മണിയൂർ കുറുന്തോടിയിൽ സ്‌കൂൾ വിദ്യാർഥികളുമായിപ്പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു. ഓട്ടോറിക്ഷയ്ക്ക് മുകളിൽ തേക്ക് മരമാണ് വീണത്. വൈദ്യുതി ലൈനിൽ തട്ടി മുഴുവനായും നിലം പതിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾ സുരക്ഷിതരാണ്. നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മരം മുറിച്ചു മാറ്റി.
അതിനിടെ, മണ്ണാർക്കാട് അട്ടപ്പാടി റോഡിൽ വർഷങ്ങൾ പഴക്കമുള്ള പുളിമരം കടപുഴകി വീണു. വൈദ്യുതി തൂണിലേക്ക് മറിഞ്ഞശേഷം പുളിമരം തൊട്ടടുത്ത വർക്ക് ഷോപ്പിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല.
മഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മഞ്ചേരി കാരക്കുന്നിലാണ് അപകടം. റോഡരികിലുള്ള മരം ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക് ചെറിയ പരിക്കേറ്റു.
കണ്ണൂരിൽ നാളെയും അവധി
കണ്ണൂരിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. സർവകലാശാല/പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.
കോഴിക്കോട്ടും അവധി
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ആലപ്പുഴയിൽ ബോട്ടിംഗ് നിർത്താൻ നിർദേശം
ആലപ്പുഴയിൽ ബോട്ടിംഗ് നിർത്താൻ കലക്ടറുടെ നിർദേശം. ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, മോട്ടോർ ശിക്കാരകൾ, സ്പീഡ് ബോട്ടികൾ, കയാക്കിംഗ് ബോട്ടുകൾ എന്നിവയുടെ സർവീസ് നിർത്തി വെക്കാനാണ് ഉത്തരവ്.
കരിയാത്തുംപാറയിൽ പ്രവേശനം നിരോധിച്ചു
കക്കയം റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രമായ കോഴിക്കോട് കരിയാത്തുംപാറയിൽ പ്രവേശനം നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനിയറാണ് അറിയിച്ചത്.
മാവൂരിൽ വീട് തകർന്നു
മാവൂരിൽ താൽക്കാലിക വീട് കനത്ത മഴയിൽ തകർന്നു. മാവൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കണ്ണി പറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ കുടുംബം താമസിച്ചിരുന്ന ഷെഡാണ് തകർന്നത്. ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് അപകടം. കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചതിനെതുടർന്ന് ഇവർ താമസിച്ചിരുന്ന ചെറിയ വീട് പൊളിച്ച് ഷെഡിലേക്ക് താമസം മാറ്റിയിരുന്നു. ഫർണിച്ചറുകൾ അടക്കമുള്ള വീട്ടുപകരണങ്ങൾ മുഴുവൻ നശിച്ചു.
കാസർകോട്ട് മണ്ണിടിച്ചിൽ
കാസർകോട് കള്ളാർ - ചുള്ളി റോഡിൽ മണ്ണിടിച്ചിൽ. കൂറ്റൻ പാറകൾ റോഡിലേക്ക് പതിച്ചു. മലയോര മേഖലയിൽ രാത്രികാല യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ആലപ്പുഴയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ആലപ്പുഴയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂർ 4, ചേർത്തല 2, മാവേലിക്കരയിൽ ഒരു ക്യാമ്പുമാണ് തുടങ്ങിയത്. ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ 117 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ചേർത്തല- 35, അമ്പലപ്പുഴ- 36, കുട്ടനാട്- 12, കാർത്തികപ്പള്ളി- 17, മാവേലിക്കര- 10, ചെങ്ങന്നൂർ-7 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ കണക്ക്.
വില്ലേജ് ഓഫീസ് തകർന്നു
കനത്ത മഴയിൽ കാസർകോട് നീലേശ്വരം വില്ലേജ് ഓഫീസ് ഭാഗികമായി തകർന്നു. ഫയലുകൾ ഓഫീസിൽ നിന്ന് മാറ്റി.
കിണർ ഇടിഞ്ഞ് താഴ്ന്നു
കനത്ത മഴയിൽ പാലക്കാട് മുണ്ടൂരിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. കൂട്ടുപ്പാത കിഴക്കര സുനിത പ്രകാശന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. സംഭവത്തിൽ ആളപായമില്ല.
ജില്ലാ ആശുപത്രിയുടെ മതിലിടിഞ്ഞു
വടകരയിലെ ജില്ലാ ആശുപത്രിയുടെ മതിലിടിഞ്ഞു. കനത്ത മഴയിലാണ് രോഗികളും മറ്റു വാഹനങ്ങളും പോകുന്ന ഭാഗത്തെ കൂറ്റൻ മതിലിടിഞ്ഞത്. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. രണ്ടര മണിയോടെയാണ് മതിലിടിഞ്ഞത്, വൈദ്യുതി തൂണുകളും വീണതോടെ വൈദ്യുതിക്ക് തടസ്സം നേരിട്ടു. ഈ റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ബാക്കി ഭാഗം മതിലും ഏത് സമയവും വീഴാവുന്ന നിലയിലാണ്.
മസ്ജിദിന്റെ ഓടുകൾ പറന്നു പോയി
കോഴിക്കോട് സഭ മസ്ജിദിന്റെ മേൽക്കൂരയുടെ ഓടുകൾ ശക്തമായ കാറ്റിൽ പറന്നു പോയി. രാവിലെ എട്ടുമണിയോടെയാണ് കാറ്റടിച്ചത്. ശക്തമായ കാറ്റിൽ കുറ്റിച്ചിറയിലെ നിരവധി വീടുകളുടെ മേൽക്കൂരകൾ ഭാഗികമായി തകർന്നു.
കടലാക്രമണം രൂക്ഷം
അഞ്ചുതെങ്ങ് മേഖലയിൽ കടലാക്രമണം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. ചില വീടുകൾ ഭാഗികമായി തകർന്നു.
കാസർകോട് തൃക്കണാട് കടലാക്രമണം രൂക്ഷം. 20 ഓളം തെങ്ങുകൾ കടപുഴകി. ക്ഷേത്രത്തിന് മുൻവശം കിലോമീറ്ററിലാണ് കടലാക്രമണം രൂക്ഷമായത്.
Tree falls on autorickshaw in Vadakara, car falls on post in Omassery, rain continues