Kerala
മരംകൊള്ള അട്ടിമറിക്ക് പിന്നില്‍ മാധ്യമസ്ഥാപനങ്ങളും; മാധ്യമ-ഉദ്യോഗസ്ഥ അവിശുദ്ധ ബന്ധം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍
Kerala

മരംകൊള്ള അട്ടിമറിക്ക് പിന്നില്‍ മാധ്യമസ്ഥാപനങ്ങളും; മാധ്യമ-ഉദ്യോഗസ്ഥ അവിശുദ്ധ ബന്ധം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍

ijas
|
26 Aug 2021 5:43 AM GMT

രണ്ട് വാര്‍ത്താ ചാനലുകളും ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഉപയോഗിച്ച് മുട്ടില്‍ മരംകൊള്ളക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി വനം വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ മലയാളത്തിലെ രണ്ട് പ്രധാന മാധ്യമ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വാര്‍ത്താ ചാനലുകളും ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഉപയോഗിച്ച് മുട്ടില്‍ മരംകൊള്ളക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി വനം വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉത്തരമേഖല സി.സി.എഫ്, അഡീഷണല്‍ പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍ എന്നിവരുടേതാണ് റിപ്പോര്‍ട്ടുകള്‍. 'മാധ്യമ'-മാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ സഹായിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തത്. 24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ദീപക് ധര്‍മടം, മുട്ടില്‍ മരംകൊള്ള കേസിലെ മുഖ്യപ്രതികളായ ആന്‍റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ചാനലില്‍ ഓഹരി പങ്കാളിത്തമുള്ള റോജി അഗസ്റ്റിന്‍, കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം വനപാലകന്‍ ആയിരുന്ന എന്‍.ടി സാജന്‍ എന്നിവരാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ്, മേപ്പാടി റേഞ്ച് ഓഫീസര്‍ എം.കെ സമീര്‍ എന്നിവരെ മുട്ടില്‍ കേസില്‍ നിന്നും മാറ്റാന്‍ മണിക്കുന്ന് മലയില്‍ മരംമുറിയുണ്ടെന്ന വ്യാജ വിവരം എന്‍.ടി സാജന്‍ നല്‍കി. കള്ളകളികള്‍ക്ക് കൂട്ടുനില്‍ക്കാതായതോടെ ഡി.എഫ്.ഒക്കും മേപ്പാടി റേഞ്ച് ജീവനക്കാര്‍ക്കും എതിരെ സാജന്‍ ഫെബ്രുവരി 15ന് വനം വിജിലന്‍സ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കി. ഇതേ ദിവസം മുഖ്യപ്രതികളും സാജനും രണ്ട് മണിക്കൂറിലേറെ സംസാരിച്ചതായാണ് പുറത്തുവന്ന ഫോണ്‍രേഖാ റിപ്പോര്‍ട്ടുകള്‍.

കേസിലെ മുഖ്യപ്രതിയായ റോജിക്ക് ഓഹരി പങ്കാളിത്തമുള്ള ചാനലിനും അടുത്ത സുഹൃത്ത് ജോലിചെയ്യുന്ന ചാനലിനും സാജന്‍ പ്രസ്താവന നല്‍കിയതായും വനം വകുപ്പ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തെറ്റായ വാര്‍ത്ത ഫെബ്രുവരി 17ന് രാവിലെ ഇതേ ചാനലുകള്‍ സംപ്രേഷണം ചെയ്തതായും ഉത്തരമേഖല സി.സി.എഫിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാജന്‍റെ സംശയാസ്പദവും വഞ്ചനാപരവുമായ ഉദ്ദേശ്യം തടി ലോബിയെ മാത്രമാണ് സഹായിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാജനുമായുള്ള അടുപ്പത്തിലൂടെ ദീപക് ധര്‍മടം കേസ് വഴിതിരിച്ചുവിടാന്‍ നടത്തിയ നീക്കവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണിക്കുന്ന് മലയിലെ മരംമുറിയെ കുറിച്ച് സാജന്‍ ഡി.എഫ്.ഒ ധനേഷ് കുമാറിനോട് ഫോണില്‍ സംസാരിച്ചത് ഫെബ്രുവരി 10ന് രാവിലെ 9.45നായിരുന്നു. ഒരു മണിക്കൂറിന് ശേഷം 24 ചാനലില്‍ നിന്നും കോഴിക്കോട് ബ്യൂറോ ചീഫ് എന്ന് പരിചയപ്പെടുത്തിയ ദീപക് ധര്‍മടം സാജന്‍റെ പേര് പറഞ്ഞ് മണിക്കുന്ന്മലയില്‍ ഉടന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് ഉച്ചക്ക് രണ്ടിനും ഇയാള്‍ പുരോഗതി അന്വേഷിച്ച് വിളിച്ചു. അന്നുതന്നെ റോജിയും ധനേഷ് കുമാറിനെ ബന്ധപ്പെട്ട് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സമയം ആവശ്യപ്പെടുന്നുണ്ട്. മണിക്കുന്ന്മല വിഷയത്തില്‍ അന്വേഷണത്തിന് റോജിയുമായും റിപ്പോര്‍ട്ടര്‍ ചാനലുമായും ബന്ധമുള്ള എം.വി വിനേഷ് എന്നൊരാളും ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതെ സമയം മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ 24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ദീപക് ധര്‍മടത്തിനെതിരെ മാനേജ്മെന്‍റ് നടപടിയെടുത്തു. ദീപക്കിനെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ചീഫ് റിപ്പോര്‍ട്ടര്‍ അർജുൻ മട്ടന്നൂരിനാണ് നിലവില്‍ കോഴിക്കോട് ബ്യൂറോയുടെ ചുമതല.

Similar Posts