വധഗൂഢാലോചനാ കേസിന്റെ വിചാരണ ഇന്ന് മുതൽ; 36 സാക്ഷികളെ കോടതി വിസ്തരിക്കും
|തെളിവ്നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ദിലീപ് ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
കൊച്ചി: നടൻ ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 36 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.
തെളിവ്നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ദിലീപ് ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതിയും ശരിവെച്ചിരുന്നു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് കേസിലെ ഒന്നാം പ്രതി. മുന്നൂറോളം സാക്ഷികളാണ് കേസിലുള്ളത്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് നോട്ടീസ് അയക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ദിലീപിൻറെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് കോടതി നടപടി.നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാത്തതിനെ തുടർന്ന് തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കാൻ ഹൈകോടതി നിർദേശം നൽകിയത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതിനാൽ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ദിലീപിൻറെ വീട്ടുജോലിക്കാരനായ ദാസൻ, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ താനോ തൻറെ കക്ഷി ദിലീപോ ശ്രമിച്ചുവെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷൻറെ പക്കലില്ലെന്ന് ദിലീപിൻറെ അഭിഭാഷകൻ വാദിക്കുന്നത്. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ പറയുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു. ദിലീപിൻറെ വീട്ടുജോലിക്കാരനായ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും അഡ്വ. രാമൻപിള്ള ചൂണ്ടിക്കാട്ടിയിരുന്നു.