'വയലിലിട്ട് പോത്തിനെ തല്ലുന്നതു പോലെ തല്ലി': വയനാട്ടില്‍ ആദിവാസി കുട്ടികള്‍ക്ക് ക്രൂരമര്‍ദനം
|'ഒരാള്‍ ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. അടി കൊണ്ടപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലും കഴിഞ്ഞില്ല'
വയനാട് നടവയലിൽ ആദിവാസി കുട്ടികളെ അയല്‍വാസി ക്രൂരമായി മർദിച്ചു. നെയ്ക്കുപ്പ കോളനിയിലെ കുട്ടികൾക്കാണ് മർദനമേറ്റത്. വയലിലിറങ്ങി എന്ന് ആരോപിച്ചാണ് അയല്‍വാസിയായ രാധാകൃഷ്ണന് കുട്ടികളെ മർദിച്ചത്. ശീമക്കൊന്ന ഉപയോഗിച്ചുള്ള അടിയിൽ കുട്ടികൾക്ക് കാലിനും പുറത്തും പരിക്കേറ്റു.
ഇന്നലെ വൈകിട്ടാണ് സംഭവം. ആറും എട്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ ഒരാള്‍ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. അടി കൊണ്ടപ്പോള്‍ തനിക്ക് എഴുന്നേറ്റ് ഓടാന്‍ പോലും കഴിഞ്ഞില്ലെന്ന് കുട്ടി പറഞ്ഞു. നടക്കാന്‍ വയ്യാത്ത നിലയില്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ രാധാകൃഷ്ണന് തയ്യാറായില്ല.
"തോട്ടില്‍ മീന്‍ പിടിച്ചുകളിക്കുകയായിരുന്നു കുട്ടികള്‍. അവരോട് കയറിപ്പോകാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. ഒന്നും പറയാതെ ആ കുട്ടികളെ വയലിലിട്ട് പോത്തിനെ തല്ലുന്നതു പോലെയാ തല്ലിയെ. പുള്ളി വടിയും കൊണ്ടാ വന്നെ. അടിച്ചു കുട്ടികളുടെ കാലൊക്കെ പൊട്ടിച്ചു. വാരിയെല്ലിന്റെ ഭാഗത്തൊക്കെയാ തല്ലിയെ"- നെയ്കുപ്പ കോളനിയിലെ കുട്ടികളുടെ ബന്ധുവായ ബിന്ദു പറഞ്ഞു.